ചിറയിൻകീഴ്: കടൽക്ഷോഭം രൂക്ഷമായ മുതലപ്പൊഴിയിൽ തീരസംരക്ഷണത്തിന് പ്രത്യേക പദ്ധതി ഒരുങ്ങുന്നു. മുതലപ്പൊഴി തീരദേശ സംരക്ഷണത്തിനായി 20 കോടിയുടെ ഭരണാനുമതി ലഭിച്ചു. മുതലപ്പൊഴി മുതൽ അഞ്ചുതെങ്ങ് വരെയുള്ള അഞ്ച് കിലോമീറ്റർ നീളത്തിൽ കടലിനും കായലിനും ഇടയിൽ നൂറ് മീറ്റർ വീതി മാത്രം വരുന്ന ഭൂപ്രദേശമായ താഴംപള്ളിയിലാണ് കടൽക്ഷോഭം രൂക്ഷമായിട്ടുള്ളത്.
കടലാക്രമണം രൂക്ഷമായ താഴംപള്ളി മുതൽ മുഞ്ഞമൂട് പാലം വരെയുള്ള മൂന്ന് കിലോമീറ്റർ കടലോരത്ത് കരയിൽ നിന്ന് കടലിലേക്ക് പാറ ഉപയോഗിച്ച് ഗ്രോയിൻ (പുലിമുട്ടിന്റെ ചെറുരൂപം) നിർമ്മിച്ചാണ് തീരം സംരക്ഷിക്കുന്നത്. തീരം സംരക്ഷിക്കണമെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പലതവണ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുതലപ്പൊഴി തുറമുഖത്തിന്റെ നിർമ്മാണ കാലഘട്ടത്തിൽ പരീക്ഷണാർത്ഥം ഇത്തരത്തിൽ ഒരു ഗ്രോയിൻ നിർമ്മിച്ചിരുന്നു. ഇതിന്റെ ഫലമായി മുന്നൂറ് മീറ്റർ നീളത്തിൽ നാല്പത് മീറ്റർ കര തീരത്ത് രൂപപ്പെട്ടിരുന്നു. ഈ പരീക്ഷണം വിജയിച്ചതിനെ തുടർന്നാണ് ഹാർബർ വകുപ്പ് പദ്ധതി സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്. കടൽത്തീരത്ത് ഗ്രോയിൻ നിർമ്മിക്കണമെന്ന് നേരത്തേ മത്സ്യത്തൊഴിലാളികളും ആവശ്യപ്പെട്ടിരുന്നു. ടെൻഡർ നടപടി ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം. പദ്ധതിയുടെ പൂർത്തീകരണത്തിന് ശേഷം പ്രദേശത്ത് തീരദേശ റോഡിന്റെ നിർമ്മാണം ആരംഭിക്കും. കഠിനംകുളത്തെ കായൽക്കര സംരക്ഷിക്കുന്നതിനുള്ള തുകയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
300 മീറ്റർ ഇടവിട്ട് 90 മീറ്റർ നീളത്തിൽ ഗ്രോയിൻ നിർമ്മിക്കും
ആകെ നിർമ്മിക്കുന്നത് 8 ഗ്രോയിനുകൾ
പദ്ധതി നടപ്പാക്കുന്നത് - 3 കിലോമീറ്ററിൽ
20 കോടിയുടെ ഭരണാനുമതി