dayabai

തിരുവനന്തപുരം: തീരാവേദനയുടെ സമരശക്തിക്കു മുന്നിൽ സർക്കാർ വഴങ്ങി. എൻഡോസാൾഫാൻ പീഡിത ജനകീയ മുന്നണിയുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. സെക്രട്ടേറിയറ്റ് പടിക്കൽ ദുരിതബാധിതരുടെ അമ്മമാർ കുഞ്ഞുങ്ങളുമായി നടത്തിവന്ന പട്ടിണി സമരം ഇതോടെ, അവസാനിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ അംഗീകരിക്കപ്പെട്ട ആവശ്യങ്ങൾ നടപ്പാക്കാൻ കാസർകോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

സാമൂഹ്യപ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ ബുധനാഴ്‌‌ചയാണ് എൻഡോസൾഫാൻ ദുരിതബാധിതർ അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ അംബികാസുതൻ മാങ്ങാട് ദയാബായിക്ക് നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.

സമരത്തിന് പിന്തുണയുമായി രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു നടന്ന സങ്കട യാത്രയ്ക്കു പിന്നാലെയാണ് ചർച്ചയ്ക്കു ക്ഷണമെത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനും മന്ത്രി കെ.കെ.ശൈലജയുടെ സെക്രട്ടറി സന്തോഷും നേതാക്കളുമായി ചർച്ച നടത്തുന്നതിനിടെ മുഖ്യമന്ത്രിയും പങ്കുചേർന്നു. അംബികാസുതൻ മാങ്ങാട്, അമ്പലത്തറ കുഞ്ഞികൃഷണൻ,സമീറ പരപ്പ, മുനീസ എന്നിവരാണ് സമരക്കാർക്കായി പങ്കെടുത്തത്.

സമരക്കാർ ആവശ്യപ്പെട്ടത്

ദുരന്തബാധിത മേഖലയിലെ 27 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലുമുള്ള 1905 പേർക്കും ആനുകൂല്യം നല്‌കണം.

സ‌ർക്കാർ പറഞ്ഞത്:

. മുഴുവൻ മാനദണ്ഡങ്ങളും പാലിക്കാതെ ആവശ്യം അനുവദിക്കാനാകില്ല.

. 11 പഞ്ചായത്തിലെ ആളുകളെ മാത്രമേ ഉൾപ്പെടുത്താനാകൂ.

ഇന്നലെ അംഗീകരിച്ചത്:

. 1905 പേരിൽ 2017- ൽ 18 വയസായവർക്കും വൈദ്യപരിശോധന നടത്തിയവർക്കും (452 കുട്ടികൾ ഉൾപ്പെടെ) ആനുകൂല്യം ലഭിക്കും.

. മറ്റുള്ളവർക്ക് പ്രത്യേകം മെഡിക്കൽ ക്യാമ്പ് നടത്തി അവരെയും പട്ടികയിൽ ചേർക്കും

മറ്റ് 11 ആവശ്യങ്ങൾ ശനിയാഴ്ചത്തെ ചർച്ചയിൽ അംഗീകരിച്ചിരുന്നു