udf

കാസർകോട്: മുസ്ലിംലീഗും മാണി ഗ്രൂപ്പും അധികസീറ്റ് ആവശ്യത്തിൽ മുറുകെപ്പിടിക്കാൻ തീരുമാനിച്ചിരിക്കെ, സമവായ കൂടിയാലോചനകൾ കോൺഗ്രസിൽ സജീവമായി. ഇരു കക്ഷികൾക്കും കൂടുതൽ സീറ്റ് നൽകാനാവില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഇരുകൂട്ടരെയും പ്രകോപിപ്പിക്കാതെ, അനുരഞ്ജന സാദ്ധ്യതയാവും ആരായുക.

ജനമഹായാത്രയുമായി ബന്ധപ്പെട്ട് ഇന്നലെ കാസർകോട്ടെത്തിയ എ.കെ. ആന്റണിയുടെ സാന്നിദ്ധ്യത്തിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കാനുള്ള പ്രാഥമിക കൂടിയാലോചന നടന്നു. കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഘടകകക്ഷികളുമായി സമവായത്തിന് പരമാവധി ശ്രമിക്കണമെന്ന അഭിപ്രായം ചർച്ചയിലുണ്ടായി.

മുന്നണിക്കകത്ത് കൂടുതൽ സ്ഥാനങ്ങൾ ആവശ്യപ്പെടാൻ ഘടകകക്ഷികൾക്ക് ന്യായമുണ്ടാകുമല്ലോ എന്നാണ് ഈ വിഷയത്തിൽ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നലെ പ്രതികരിച്ചത്. മാണിയുടെയും ലീഗിന്റെയും ഡിമാൻഡുകൾ ഗൗരവത്തോടെ പരിശോധിക്കുമെന്നും ഇരുവരും പറഞ്ഞു. ഉഭയകക്ഷി ചർച്ചകൾ ഈ മാസം 10-ന് തുടങ്ങും. എ.ഐ.സി.സി നിർദ്ദേശിച്ച 25- നകം സ്ഥാനാർത്ഥി പട്ടിക റെഡിയാകും.