ആറ്റിങ്ങൽ: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട പുരവൂർ അയ്യരുമഠം ക്ഷേത്രത്തിന് സമീപമുള്ള മേലേക്കുളം ചിറയിലെ മത്സ്യകൃഷിയ്ക്ക് നൂറു മേനി വിളവ്. കേരള സർക്കാരിന്റെ മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് മത്സ്യകൃഷി നടത്തിയത്. കട്‌ല, രോഹു ഇനത്തിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ് കൃഷിക്കായി ഉപയോഗിച്ചത്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇവിടെ മത്സ്യകൃഷി നടത്തിവരികയാണ്. മീൻവാങ്ങാൻ നാട്ടുകാർക്കുപുറമേ ദൂരെനിന്നുവരെ ആളുകൾ എത്തിയത് കൗതുക കാഴ്ചയായി. മുൻ പഞ്ചായത്തു പ്രസിഡന്റ് ദീപുവിന്റെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടന്നത്. രാവിലെ തുടങ്ങിയ വിളവെടുപ്പ് വൈകുന്നേരംവരെ നീണ്ടു.