പാറശാല: ചെങ്കൽ കൃഷിഭവന്റെ നേതൃത്വത്തിൽ കീടനാശിനികളുടെ ഉപയോഗത്തിനെതിരെ സെമിനാറും ജൈവ പ്രതിജ്ഞയും സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ കീഴമ്മാകം പാടശേഖരത്തിൽ ആണ് കീടനാശിനികളുടെ ഉപയോഗത്തിനെതിരെ സെമിനാറും ജൈവ പ്രതിജ്ഞയും സംഘടിപ്പിച്ചത്. ചെങ്കൽ കൃഷി ഓഫീസർ ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കീടനാശിനികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പാറശാല കൃഷി ഓഫീസർ ലത ക്ലാസെടുത്തു. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ കാൻസർ രോഗികൾ ഉള്ളത് ചെങ്കൽ പഞ്ചായത്തിൽ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൃഷിഭവന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. കാൻസറിനെ ചെറുക്കുന്നതിനായി കീടനാശിനികൾ ഒഴുവാക്കുക ജനകീയ ക്യാമ്പയ്ന്റെ ഭാഗമായാണ് ജൈവ പ്രതിജ്ഞ സംഘടിപ്പിച്ചത്.