'വൈകല്യമുള്ള മക്കളെ അമ്മമാർ പ്രദർശനവസ്തുവാക്കുമോ' ആരോഗ്യ മന്ത്രിയോട് ഖേദപൂർവം
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രധാന ആവശ്യം അംഗീകരിക്കാൻ സർക്കാരിനു പ്രേരണയായത് സമരക്കാർ ക്ളിഫ് ഹൗസിലേക്കു നടത്തിയ സങ്കടജാഥയിൽ കാട്ടിയ മിതത്വം. പ്രസംഗിച്ച സമരക്കാരാരും സർക്കാരിനെ ചൊടിപ്പിച്ചില്ല. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയില്ല. തങ്ങൾക്ക് ആകെയുള്ള പ്രതീക്ഷ മുഖ്യമന്ത്രിയിൽ മാത്രമാണെന്ന് പ്രസംഗകർ ഓരോരുത്തരും പറയുകയും ചെയ്തു. സമരത്തിനു രാഷ്‌ട്രീയലക്ഷ്യങ്ങളില്ലെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തുന്ന വിധമായിരുന്നു ജാഥയുടെ സംഘാടനം.
അതേസമയം, സമരം നടത്തുന്ന അമ്മമാർക്കൊപ്പമെത്തിയ കുട്ടികളെക്കുറിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിന് എതിരെ മൂർച്ചയുള്ള പ്രതിഷേധമുണ്ടായി. അമ്മമാർ സമരത്തിനു വരുമ്പോൾ ഈ മക്കളെ ഉപേക്ഷിക്കാനാകുമോ? വൈകല്യമുണ്ടെന്നു കരുതി മക്കളെ പ്രദർശന വസ്തുവാക്കാൻ ഏതെങ്കിലും അമ്മമാർ തയ്യാറാകുമോ? മന്ത്രി പറഞ്ഞത് വേദനയുണ്ടാക്കി- മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നിൽ നിന്ന് രാവിലെ പതിനൊന്നോടെ ആരംഭിച്ച ജാഥയിൽ വൈകല്യമുള്ള കുട്ടികളെ 100 മീറ്റർ ദൂരമേ പങ്കെടുപ്പിച്ചുള്ളൂ. പിന്നെ അവരെ കാറിൽ ക്ലിഫ് ഹൗസിനു മുന്നിലെത്തിച്ചു. അമ്മമാരുടെ ജാഥയ്ക്ക് പിന്തുണയുമായി പങ്കെടുത്തത് സാമൂഹ്യ, പാരിസ്ഥിതിക പ്രവർത്തകർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നെങ്കിലും സമരക്കാർ അതിനടുത്തേക്കു പോയില്ല. നേരത്തേ കാറിലെത്തിച്ച കുട്ടികളുമായി മരത്തണലുള്ള സ്ഥലത്ത് ജാഥ അവസാനിപ്പിച്ചു.
രാഷ്ട്രീയക്കാരനായല്ല ജാഥയിൽ പങ്കെടുത്തതെന്ന് പ്രസംഗത്തിനിടെ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. വി.എസ് സർക്കാരിന്റെ കാലം മുതൽ ഇരകൾക്കു വേണ്ടി നിരന്തരം പ്രവർത്തിക്കുന്നയാളാണ് താനെന്നും, മുഖ്യമന്ത്രിയിൽ നിന്നു ലഭിച്ച മറുപടി പ്രതീക്ഷ നല്കുന്നതാന്നെനും അദ്ദേഹം തുടർന്നു. ഗീത നസീർ, മുംതാസ്, സോണിയ ജോർജ്ജ്, കുമാർ, ഷാജർഖാൻ എന്നിവരും പങ്കെടുത്തു.