suraksha

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ് മാനസികാരോഗ്യ വിഭാഗവും സാമൂഹ്യനീതി വകുപ്പും സംയുക്തമായി കഴിഞ്ഞ രണ്ടു വർഷക്കാലമായി നടപ്പിലാക്കി വരുന്ന 'സുരക്ഷ' സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ നടത്താൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാനസികാരോഗ്യ വിഭാഗം മേധാവി ഡോ.അനിൽ പ്രഭാകറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സംയുക്ത യോഗത്തിലാണ് പദ്ധതിയുടെ തുടർ പ്രവർത്തനം തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സുരക്ഷ നോഡൽ ഓഫീസർ ഡോ. ഇ. നസീർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരി, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ തൃദീപ് കുമാർ (കടയ്ക്കാവൂർ), നസീഹ(ചിറയിൻകീഴ്), സുഷമ ദേവി (മുദാക്കൽ ), ജോസഫ് മാണി, ഡോ. ഷ്യാംജി വോയ്സ്, ഡോ. ജീന രമേശ്, ഡോ. ലക്ഷ്മി, ഡോ. ദീപ രവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിഷ്ണു മോഹൻദേവ്, ചൈൽഡ് ഡെവലപ്പ്മെന്റ് പ്രോജക്ട് ഓഫീസർ രാജലക്ഷ്മി, സുരക്ഷ കോ-ഓർഡിനേറ്റർ ആർ.കെ. ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, പഞ്ചായത്ത്തല കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പദ്ധതിക്കുള്ള തുക ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തും. പ്രാരംഭ ഘട്ടത്തിൽ സർക്കാർ ഈ പദ്ധതിയ്ക്കായി 36 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി പൈലറ്റ് പ്രോജക്ടായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ജനകീയമായി നടപ്പിലാക്കിയത്. ജനപ്രതിനിധികൾ, പബ്ലിക് ഹെൽത്ത് സെന്റർ, റൂറൽ ഹെൽത്ത് സെന്റർ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ ഡോക്ടർമാർ, ജീവനക്കാർ, ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, അദ്ധ്യാപകർ, മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പരിചരിക്കുന്നവർ എന്നിവർക്കെല്ലാം ഘട്ടംഘട്ടമായി പരിശീലനം നൽകിയിരുന്നു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആഴ്ചയിൽ ഒരു ദിവസവും എല്ലാ ചൊവ്വാഴ്ചകളിലും ബ്ലോക്ക് പഞ്ചായത്തു ഓഫീസിലും ഒരു വിദഗ്ദ ഡോക്ടറുടെ നേതൃത്വത്തിലും സൈക്യാട്രിക് ക്ലിനിക്ക് പ്രവർത്തിച്ചു വരുന്നു. രോഗികൾക്ക് ആവശ്യമായ മരുന്നുകളും ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകൾ നൽകുന്നുണ്ട്.