തിരുവനന്തപുരം: നഗരസഭാ പരിധിയിൽ രാത്രിയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ കിംഗ് കോബ്ര പദ്ധതിക്ക് രൂപം നൽകിയതായി മേയർ വി.കെ. പ്രശാന്തും, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറും അറിയിച്ചു. കഴിഞ്ഞ ദിവസം കോർപറേഷൻ ഓഫീസിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് വിമാനത്താവളത്തിന്റെയും ബൈപാസിന് സമീപത്തെയും പ്രദേശങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചത്. നഗരസഭ രാത്രികാല ഹെൽത്ത് സ്‌ക്വാഡിനോടൊപ്പം തിരുവനന്തപുരം സബ് കളക്ടർ ഇന്ദുശേഖറിന്റെ നേതൃത്വത്തിൽ 10 പൊലീസുകാരടങ്ങുന്ന സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചു. രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചെങ്കിലും ഇവർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിരുന്നു. തുടർന്നാണ് സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരെ പിടികൂടുന്നതിനായി ഓപ്പറേഷൻ കിംഗ് കോബ്ര എന്ന പേരിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്. സബ് കളക്ടർ ഇന്ദുശേഖർ,​ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്. മിനു എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പരിശോധനയിൽ നിരവധിപേരെ പിടികൂടുകയും പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. മാലിന്യം ശേഖരിച്ച് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന ലോറികളിലെ രേഖകൾ പരിശോധിച്ച് നടപടിയെടുത്തിരുന്നു. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസും നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അബ്ദുൾ അസീസ്, കീൻ എന്നിവർ നേതൃത്വം നൽകി.