bomb

തിരുവനന്തപുരം : നാടകീയമായാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി പ്രവീണിനെയും സഹായി ശ്രീജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് തമ്പാനൂരിൽ നിന്ന് ട്രെയിൻ മാർഗം ഉത്തരേന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ബോംബ് നിർമ്മിക്കുന്നതിന് നാഗ്പൂരിൽ നിന്ന് പ്രവീണിന് പരിശീലനം ലഭിച്ചിരുന്നതായും പൊലീസ് പറയുന്നു. സംഭവം നടന്ന് 32-ാമത്തെ ദിവസമാണ് പ്രതികൾ കുടുങ്ങിയത്.

ജനുവരി മൂന്നിന് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറുണ്ടായത്. ആനാട് ജംഗ്‌ഷനിലെ ധനകാര്യ സ്ഥാപനം അടപ്പിക്കുന്നത് തടഞ്ഞ നെടുമങ്ങാട് എസ്.ഐ സുനിൽഗോപി അടക്കമുള്ള പൊലീസുകാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്ത ബി.ജെ.പി പ്രവർത്തകരെ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പ്രവീൺ ബോംബെറിഞ്ഞത്. സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാർക്ക് സമീപത്താണ് ബോംബുകൾ പൊട്ടിയത്. തലനാരിഴയ്‌ക്കാണ് പലരും രക്ഷപ്പെട്ടത്. സി.പി.എം മാർച്ചിന് നേരെയും രണ്ട് ബോംബുകളെറിഞ്ഞു. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രവീണിനെ തിരിച്ചറിയുന്നത്.

സംഭവശേഷം സ്വദേശമായ നൂറനാട്ടേക്ക് പോയ പ്രവീൺ സംസ്ഥാനത്തും ചെന്നൈയിലെയും ആർ.എസ്.എസ് ക്യാമ്പുകളിൽ ഒളിവിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് തിരുവനന്തപുരത്തെത്തിയത്. ഇയാളെ പിടികൂടുന്നതിന് ആർ.എസ്.എസ് ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലുമെല്ലാം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരനുൾപ്പെടെയുള്ളവർ ബോംബേറ് കേസിൽ പിടിയിലായിരുന്നു.

അതേസമയം മുകളിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചാണ് ബോംബെറിഞ്ഞതെന്ന് പ്രവീൺ മൊഴി നൽകിയെന്നും സൂചനയുണ്ട്. ഗൂഢാലോചനയിൽ പങ്കുള്ള ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളുൾപ്പെടെ ഏഴ് പേർ നേരത്തേ പിടിയിലായിരുന്നു. പ്രവീണിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച ഏതാനും പ്രതികൾ കൂടി നിരീക്ഷണത്തിലാണ്.