de-promotion-in-police-de

തിരുവനന്തപുരം:ഡിവൈ.എസ്.പിമാരായി താത്കാലിക സ്ഥാനക്കയറ്റം നൽകുകയും പിന്നീട് അച്ചടക്ക നടപടിയെ തുടർന്ന് തരംതാഴ്‌ത്താൻ തീരുമാനിക്കുകയും ചെയ്തവരുടെ ആദ്യ പട്ടികയിലുണ്ടായിരുന്നത് 25 പേർ. സ്ഥാനക്കയറ്റ സമിതി ഒമ്പത് ദിവസം യോഗം ചേർന്നാണ് എണ്ണം 12 ആയി കുറച്ചത്. കൂടാതെ പട്ടികയിലെ മറ്റ് പലരുടേയും ശിക്ഷകൾ മൈനറാക്കി കുറയ്ക്കുകയും ചെയ്തു.

ആദ്യ മാനദണ്ഡത്തിൽ ഒരു ശമ്പളവർദ്ധന തടയുകയാണ് ശിക്ഷയായി തീരുമാനിച്ചത്. പിന്നീട് ഇത് മൂന്ന് ഇൻക്രിമെന്റ് കുറയ്ക്കലായി ഉയർത്തി. പട്ടികയിലെ 25ൽ 13 പേരുടെ അപ്പീൽ സമിതി അനുവദിക്കുകയും തരംതാഴ്‌ത്തൽ ഒഴിവാക്കുകയും ചെയ്തു. നേരത്തെ താൽക്കാലിക പ്രൊമോഷൻ നൽകിയിരുന്ന 100 ഡിവൈ.എസ്.പിമാരുടെ സ്ഥാനക്കയറ്റം സമിതി സാധൂകരിക്കുകയും ചെയ്തു. ഇവരിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയും ഉണ്ട്. നെയ്യാറ്റിൻകരയിൽ സി.ഐ ആയിരിക്കെ, കേസിൽപെട്ട വാഹനം അടിച്ചുമാറ്റിയതിന് അന്വേഷണം നേരിടുകയാണ് ഈ ഉദ്യോഗസ്ഥൻ. ഇദ്ദേഹത്തിനെതിരെ വകുപ്പുതല ശിക്ഷാനടപടി ഉണ്ടാകാത്തതിനാൽ സ്ഥാനക്കയറ്റ പട്ടികയിൽ ഇടം നേടി. ഇതിൽ മറ്റ് ഉദ്യോഗസ്ഥർ പ്രതിഷേധത്തിലാണ്.

പത്തനംതിട്ടയിൽ എസ്.എഫ്.ഐ പ്രവർത്തകരെ ലാത്തിച്ചാർജ്ജ് ചെയ്ത ഉദ്യോഗസ്ഥനേയും തരംതാഴ്‌ത്തിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിൽ നിന്ന് നാളെ വരെ ഇയാൾ സ്‌റ്റേ നേടിയിട്ടുണ്ട്. എസ്.എഫ്.ഐ നേതാവിന്റെ സ്വകാര്യ ഹർജിയിൽ ഒരു ദിവസത്തേക്ക് നേരത്തെ കോടതി ഈ ഉദ്യോഗസ്ഥനെ ശിക്ഷിച്ചിരുന്നു.