മലയിൻകീഴ്: വിളപ്പിൻശാല ഗവൺമെന്റ് യു.പി സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ട് പതിനെട്ട് വർഷം പിന്നിട്ടു. നാട്ടിലൊരു ഹൈസ്കൂളെന്ന വിളപ്പിൽ ഗ്രാമപഞ്ചായത്തുവാസികളുടെ ആഗ്രഹം അധികൃതരുടെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ്.
2001 ഫെബ്രുവരിയിലാണ് ആദ്യ പ്രഖ്യാപനമുണ്ടായത്. ക്ലാസ് മുറികളുടെ കുറവ് മൂലമാണ് ഹൈസ്ക്കൂളായി ഉയർത്തുന്നതിന് തടസമെന്നും അത് പരിഹരിച്ചാൽ ഹൈസ്കൂൾ പദവി നൽകാമെന്നും മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ് സ്കൂളിൽ നടന്ന യോഗത്തിൽ പറഞ്ഞിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ ഇരുനില മന്ദിരം പണിതുയർത്തി. 2016ൽ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി സി.കെ. രവീന്ദ്രനാഥാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്നാൽ പഴയ മന്ത്രിയുടെ പ്രഖ്യാപനം അധികൃതർ ഒാർമ്മിപ്പിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. അപ്ഗ്രേഡ് അവശ്യപ്പെട്ട് നിരവധി തവണ അപേക്ഷകൾ നൽകിയെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. ഗവ. ഹൈസ്കൂൾ ഇല്ലാത്ത വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹൈസ്കൂളുകളുടെ ഇടപെടൽ മൂലമാണ് വിളപ്പിൽ സ്കൂൾ അവഗണിക്കപ്പെടുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഏകദേശം 759 കുട്ടികളോളം ഇവിടെ പഠിക്കുന്നുണ്ട്. അദ്ധ്യാപകരും അനദ്ധ്യാപകരുമുൾപ്പെടെ മുപ്പതോളം പേർ ഇവിടെ സേവനമനുഷ്ടിക്കുന്നുണ്ട്. അധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കൂടാതെ ഒരേ ഏക്കർ 10 സെന്റ് സ്ഥലവും 2 ബഹുനില മന്ദിരങ്ങൾ ഉൾപ്പടെ 4 കെട്ടിടങ്ങളും സ്കൂളിന് സ്വന്തമായിട്ടുണ്ട്. എന്നിട്ടും വിളപ്പിൻശാല ഗവ. യു.പി സ്കൂൾ യു.പി സ്കൂളായി തന്നെ തുടരുകയാണ്.