congress

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി സാദ്ധ്യതാ പാനലുകളിൽ യുവ,​ വനിതാ പ്രാതിനിദ്ധ്യം ഉറപ്പാക്കണമെന്ന് ഡി.സി.സികൾക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകി.

ഡി.സി.സികൾ സമർപ്പിക്കുന്ന മൂന്നംഗ സാദ്ധ്യതാപാനലുകൾ കെ.പി.സി.സി ഹൈക്കമാൻഡിന് നൽകും. അവയുടെ അടിസ്ഥാനത്തിൽ ഓരോ മണ്ഡലത്തിലും ഹൈക്കമാൻഡ് പ്രത്യേക സർവേ നടത്തിയാവും അന്തിമമായി സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. സംസ്ഥാനത്തെ ഗ്രൂപ്പ് നേതൃത്വങ്ങൾക്ക് ഇതെത്രത്തോളം സ്വീകാര്യമാകുമെന്ന് പാർട്ടിയിൽ തന്നെ ചോദ്യമുയരുന്നുമുണ്ട്.

ഈ മാസം 10നും 20നും ഇടയ്‌ക്ക് എല്ലാ ഡി.സി.സികളും സാദ്ധ്യതാ പാനലുകൾ സമർപ്പിക്കണം. 20ഓടെ മുഴുവൻ പാനലുകളും ഹൈക്കമാൻഡിന് കെ.പി.സി.സി കൈമാറും. കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലങ്ങളിൽ എം. പിമാർ തന്നെ മത്സരിക്കുമെന്നാണ് സൂചന.

കഴിഞ്ഞതവണ വീരേന്ദ്രകുമാറിന് നൽകിയ പാലക്കാട് കൂടി തിരിച്ചുകിട്ടുന്നതോടെ കോൺഗ്രസിന് ഇത്തവണ 16 സീറ്റുകളുണ്ടാവും. വടകരയും വയനാടും ഒഴിച്ചുള്ള ആറ് സിറ്റിംഗ് സീറ്റുകളിൽ എം.പിമാർ മത്സരിക്കും. വടകരയും വയനാടും ഉൾപ്പെടെ ശേഷിക്കുന്ന 10 സീറ്റുകളിലേക്കാണ് സാദ്ധ്യതാ പാനലുകളിൽ ഹൈക്കമാൻഡ് സർവ്വേ നടത്തുക. ആറ്റിങ്ങൽ,​ ചാലക്കുടി,​ ഇടുക്കി, തൃശൂർ,​ കണ്ണൂർ,​ കാസർകോട്,​ ആലത്തൂർ,​ പാലക്കാട് എന്നിവയാണ് മറ്റുള്ള മണ്ഡലങ്ങൾ.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതിനകം 20 മണ്ഡലങ്ങളിലും ഹൈക്കമാൻഡിന് വേണ്ടി രണ്ട് സർവ്വേകൾ പ്രവർത്തകർക്കിടയിൽ നടത്തിയിട്ടുണ്ട്. സിറ്റിംഗ് എം.പിമാർ പലേടത്തും സ്വീകാര്യരായത് ഇങ്ങനെയായിരുന്നു.

അധിക സീറ്റിന് ലീഗും മാണിയും

മുസ്ലിംലീഗും കേരള കോൺഗ്രസ് -എമ്മും അധികസീറ്റിനായി കടുപ്പിച്ചത് കോൺഗ്രസ് നേതൃത്വം ഗൗരവത്തോടെ കാണുന്നു. കഴിഞ്ഞതവണ വീരേന്ദ്രകുമാറിന് നൽകിയ പാലക്കാടോ കാസർകോട്,​ വടകര എന്നിവയിലൊന്നോ കിട്ടണമെന്നാണ് ലീഗിന്റെ ആവശ്യം. പാലക്കാടിനായി അവർ അവസാനനിമിഷം വരെ വിലപേശിയേക്കും. എങ്കിലും മുന്നണിയിലെ തർക്കം ഒഴിവാക്കാൻ ലീഗ് നേതൃത്വം വിട്ടുവീഴ്‌ച ചെയ്യുമെന്ന് തന്നെ കരുതുന്നു.

കേരള കോൺഗ്രസ് - മാണി ഗ്രൂപ്പിൽ ജോസഫ്,​ മാണി വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണ് പ്രശ്നം. അധികസീറ്റിനായുള്ള അവരുടെ സമ്മർദ്ദം ഈ ചേരിപ്പോരിന്റെ ഫലമായാണ് കോൺഗ്രസ് വിലയിരുത്തുന്നത്. മാണിഗ്രൂപ്പിന് അനുവദിക്കുന്ന ഏക സീറ്റ് ജോസഫ് വിഭാഗത്തിന് ലഭിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്നും കോൺഗ്രസ് കരുതുന്നുണ്ട്. കോട്ടയവും ഇടുക്കിയും എല്ലാ തവണയും ചോദിക്കുകയും അവസാനനിമിഷം കോട്ടയത്തിലൊതുങ്ങി മാണി വിഭാഗം ഏറ്റെടുക്കുകയുമാണ് രീതി. ഇപ്പോഴാണെങ്കിൽ അനുവദിച്ച രാജ്യസഭാസീറ്റും മാണിയുടെ മകനും വൈസ് ചെയർമാനുമായ ജോസ് കെ.മാണി കൊണ്ടുപോയി. പാർട്ടിയിൽ കാര്യമായ ആലോചനയില്ലാതെ ജോസ് കെ.മാണിയുടെ കേരളയാത്ര നിശ്ചയിച്ചത് മകനെ ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കമായി ജോസഫ് കരുതിയതോടെയാണ് അദ്ദേഹം സമ്മർദ്ദം കനപ്പിച്ചത്. ഇടുക്കിയോ ചാലക്കുടിയോ അനുവദിച്ചാൽ ജോസഫ് തന്നെ മത്സരിക്കുകയും പകരം കോട്ടയം കോൺഗ്രസ് എടുക്കുകയും ചെയ്യുകയെന്ന ഫോർമുല ഉരുത്തിരിയാനും മതി. ഈ മാസം 12ന് മാണിഗ്രൂപ്പുമായുള്ള ഉഭയകക്ഷിചർച്ച അതിനാൽ നിർണായകമാകും.