തിരുവനന്തപുരം : സ്പോർട്സിനോട് അടങ്ങാത്ത അഭിനിവേശം ഒരു കനലായി മനസിലുണ്ടെങ്കിൽ കാലമെത്ര കഴിഞ്ഞാലും വിജയിക്കാനാകും എന്ന് തെളിയിക്കുകയാണ് 40-ാം വയസിൽ സോജ സിയ എന്ന കെ.എസ്.എഫ്.ഇ ജീവനക്കാരി. 18 വർഷംമുമ്പ് ഒരു ലോറി അപകടത്തെ തുടർന്ന് മടക്കിവയ്ക്കേണ്ടിവന്ന തന്റെ കായികസ്വപ്നങ്ങൾക്ക് മാരത്തോൺ മെഡലുകളിലൂടെ പുനർജീവനം നൽകിയിരിക്കുകയാണ് സോജ.
സ്കൂൾ കായിക രംഗത്തെ ദ്റോണാചാര്യ പരിശീലകൻ കെ.പി. തോമസ് മാഷിന്റെ പഴയ ശിഷ്യയാണ് കോട്ടയം കറുകച്ചാലിൽ ജനിച്ചുവളർന്ന സോജ. കോരുത്തോട് സി. കേശവൻ മെമ്മോറിയൽ സ്കൂളിൽ പഠനം, അഞ്ജു ബോബി ജോർജ് ഉൾപ്പെടെയുള്ളവർക്ക് ഒപ്പം തോമസ് മാഷിന്റെ വീട്ടിൽ താമസം. സ്കൂൾ കായിക മേളകളിൽ 3000, 10000 മീറ്ററുകളിൽ മാറ്റുരച്ച സോജ കോളേജിലേക്കെത്തിയപ്പോൾ സൈക്ളിംഗിലേക്ക് ട്രാക്ക് മാറി. പക്ഷേ ഒരു ലോറിയുമായികൂട്ടിയിടിച്ചുണ്ടായ പരിക്ക് കായിക ജീവിതത്തിന് താത്കാലിക വിരാമമിട്ടു. അത് 18 വർഷത്തേക്ക് നീളുമെന്ന് സോജ കരുതിയതുമില്ല. ഇതിനിടയിൽ വിവാഹിതയായി. മകൻ പിറന്നു, കെ.എസ്.എഫ്.ഇയിൽ ജോലിയായി. തിരുവനന്തപുരത്തേക്ക് ജീവിതവും പറിച്ചുനടപ്പെട്ടു.
തന്റെ കായിക ആവേശം മകനിലേക്ക് പകരാൻ രണ്ടാംക്ളാസുമുതൽ അവനെ സ്കേറ്റിംഗിന് വിട്ടു. അവൻ പതിയെ സൈക്ളിംഗിലേക്ക് തിരിഞ്ഞു. മകൻ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചു തുടങ്ങിയപ്പോൾ അമ്മയ്ക്കും മോഹം, പഴയ സ്വപ്നങ്ങൾ ഒന്നു തേച്ചുമിനുക്കാൻ. 2017 ൽ കൊച്ചിയിൽ ജോലി നോക്കവേ നേവി മാരത്തോണിൽ മത്സരിച്ചുനോക്കി. മനസിനൊപ്പം ശരീരവും തയ്യാറാണെന്ന് കണ്ടതോടെ പരിശീലനം കാര്യമായിത്തന്നെ തുടങ്ങി.
ഏഴിമല നാവിക അക്കാദമിയുടെ 10 കി.മീ മാരത്തോണിൽ ഒന്നാംസ്ഥാനം നേടി തുടക്കം. ചെന്നൈ ഹാഫ് മാരത്തോണിൽ മൂന്നാംസ്ഥാനം. തിരുവനന്തപുരത്ത് നടന്ന എസ്.ബി.ഐ ഗ്രീൻ മാരത്തോണിൽ ഒന്നാംസ്ഥാനം. മിഡ്നൈറ്റ് മാരത്തോണിലെ മൂന്നാംസ്ഥാനവും സോജയെ ത്തേടിയെത്തി. പിന്നെ അൾട്രാ റൺ രംഗരംഗത്തേക്ക് കടന്നു. കാടുംമേടും മലയുമൊക്കെത്താണ്ടി നൂറും നൂറ്റമ്പതും കിലോമീറ്റർ ഒാടുന്നതാണ് അൾട്രാ റൺ. കർണാടകയിലെ മൽനാട് അൾട്രാ റണ്ണിലായിരുന്നു ആരംഭം. അവിടെ ഫിനിഷ് ചെയ്യാൻ കഴിഞ്ഞു. 90 കിലോമീറ്റർ വാഗമൺ അൾട്രാ റണ്ണിൽ അഞ്ചുമണിക്കൂർ 10 മിനിട്ട് 37 സെക്കൻഡ് കൊണ്ട് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇപ്പോൾ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ തന്റെ പഴയ ഇഷ്ട ഇനങ്ങളായ ദീർഘദൂര, മധ്യദൂര ഒാട്ടത്തിലേക്കും തിരിച്ചെത്തി. പൂനെയിൽ ഇന്നലെ സമാപിച്ച ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ രണ്ട് വീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും സോജയ്ക്ക് സ്വന്തം.
കുടുംബത്തിന്റെ പിന്തുണയാണ് ഇൗ നേട്ടത്തിന് പിന്നിലെന്ന് സോജ പറയുന്നു. സോജയ്ക്ക് കട്ടസപ്പോർട്ടുമായി ഭർത്താവ് ഷംനാദുണ്ട്. ഭാര്യയുടെ സ്പോർട്സ് പ്രേമം കണ്ട് ത്രില്ലടിച്ച് ഷംനാദും സൈക്ളിംഗിൽ ഒരു കൈനോക്കി. അടുത്തിടെ 200 കിലോമീറ്റർ റേസിൽ മെഡലും നേടി. കഴിഞ്ഞദിവസം മകൻ അസീംഷാ കോയമ്പത്തൂരിൽ നടന്ന റോഡ് സൈക്ളിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിരുന്നു.
തന്നിലെ പഴയ സ്വപ്നങ്ങളുടെ കനലുകൾ ഉൗതിക്കത്തിച്ച് ജ്വാലയാക്കി മാറ്റിയ ഭർത്താവിനും മകനുമൊപ്പം മെഡലുകളുമായി ഗുരു തോമസ് മാഷിനെ കാണാൻ പോകണമെന്നാണ് സോജയുടെ ആഗ്രഹം.