തിരുവനന്തപുരം: ഗുരുദേവ ധർമ്മം വ്യാഖ്യാനിക്കുന്നതും എഴുതുന്നതും സവിശേഷ കാര്യമാണെങ്കിലും അത് ജീവിതത്തിൽ പകർത്തുന്നതാണ് ഏറ്റവും പ്രധാനമെന്ന് സ്വാമി ബോധിതീർത്ഥ പറഞ്ഞു. അശോകൻ വേങ്ങശ്ശേരി കൃഷ്ണൻ എഴുതിയ 'ശ്രീനാരായണ ഗുരു ദി പെർഫെക്ട് യൂണിയൻ ഓഫ് ബുദ്ധ ആൻഡ് ശങ്കര' എന്ന ഗുരുദേവ ജീവചരിത്ര ഗ്രന്ഥത്തെ ആസ്‌പദമാക്കി ശ്രീനാരായണഗുരു വിശ്വസംസ്‌കാര ഭവനും ഗുരുധർമ്മ പ്രചാരണ സഭ തിരുവനന്തപുരം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പുസ്തകചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദർശനങ്ങൾ എല്ലാ ശ്രീനാരായണീയരും ജീവശ്വാസം പോലെ പകർത്തണമെന്നും ബോധിതീർത്ഥ പറഞ്ഞു.
ഗുരു മനുഷ്യനായി ജീവിക്കുകയും മനുഷ്യർക്കിടയിൽ പ്രവർത്തിക്കുകയും ചെയ്തയാളാണെന്നും ഗുരുവിനെ ദൈവമാക്കുന്നത് ശരിയല്ലെന്നും മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ പറഞ്ഞു. ദൈവമാകാൻ ഗുരു ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഗുരുവിനെ ദൈവമാക്കുമ്പോൾ നമ്മൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവിന് എല്ലാ കാലത്തും പ്രസക്തിയുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ഗുരുവിന്റെ ജീവചരിത്ര രചനയ്ക്ക് ഇറങ്ങിത്തിരിച്ചതെന്നും, എഴുത്ത് മുന്നോട്ടു പോകുന്തോറും ഗുരുവിനെ അകമേ കൂടുതൽ അറിയാനായെന്നും ഗ്രന്ഥകാരനായ അശോകൻ വേങ്ങശ്ശേരി കൃഷ്ണൻ പറഞ്ഞു. ഗ്രന്ഥത്തിൽ ബുദ്ധനും ശങ്കരനും വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്ന അഭിപ്രായത്തോട്, താൻ ഗുരുദർശനത്തിന്റെ വ്യാഖ്യാനത്തിനാണ് ഊന്നൽ നൽകിയതെന്നും ഗുരുവിൽ നിന്നുകൊണ്ട് ബുദ്ധനെയും ശങ്കരനെയും കണ്ടെത്താൻ മാത്രമാണ് ശ്രമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രിയദാസ് ജി മംഗലത്ത്, പ്രൊഫ.കോശി, സജീവ് കൃഷ്ണൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഗിരീഷ് പുലിയൂർ പ്രാർത്ഥനാ ഗീതം ആലപിച്ചു. ഡോ.കെ.സുശീല സ്വാഗതവും പി.ആർ ശ്രീകുമാർ നന്ദിയും പറഞ്ഞു.