jail

കാട്ടാക്കട: നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിൽ മൃഗവേട്ട സംഘത്തിന്റെ തോക്ക് കണ്ടെടുത്തതിന് പിന്നാലെ, ജയിൽ വളപ്പിൽ പകൽ സമയത്ത് വ്യാജച്ചാരായ നിർമ്മാണം നടത്തിയയാളെ പിടികൂടി. ജയിൽ വളപ്പിന് സമീപവാസിയായ കള്ളിക്കാട് സുധീഷ് ഭവനിൽ സത്യനേശൻ (52) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 10 ലിറ്റർ ചാരായവും 100 ലിറ്റർ കോടയും ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന കോട, കന്നാസ്, ശർക്കര, പാചക വാതക സിലിണ്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും കണ്ടെടുത്തു. ജയിൽ വളപ്പിൽ തോക്ക് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ജയിൽ അധികൃതർ ജയിൽ കോമ്പൗണ്ടിൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു.ഇന്നലെ വൈകിട്ട് നാലരയോടെ പട്രോളിംഗ് സംഘം തോക്ക് കണ്ടെത്തിയ ബംഗ്ലാവ് കുന്നിന് സമീപത്തെ ചെക്ക് ഡാമിന് സമീപത്ത് എത്തിയപ്പോഴാണ് വ്യാജച്ചാരായ നിർമ്മാണം നടത്തിക്കൊണ്ടിരുന്നയാളെ സംഘം കണ്ടെത്തിയത്. ജയിൽ അധികൃതരെക്കണ്ട് ഇയാൾ രക്ഷപ്പൊൻ ശ്രമം നടത്തിയെങ്കിലും ജയിൽവകുപ്പ് ഉദ്യോഗസ്ഥർ കൈയോടെ പിടികൂടി എക്സൈസ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളിലെ എക്സൈസ് ഉദ്യോഗസ്ഥർ ഉടനേ ജയിൽ വളപ്പിൽ എത്തുകയും രാത്രിവരെ ജയിൽ കോമ്പൗണ്ടിൽ പരിശോധന നടത്തുകയും ചെയ്തു. തുറന്ന ജയിൽ ജോയിന്റ് സൂപ്രണ്ട് ബി. ദിനേശ്, ഡി.പി.ഒ സുധീർ, എ.പി.ഒമാരായ ബ്രിട്ടോ രാജ്, സജിമോൻ, അജു, ജയശങ്കർ, രാജൻ, ആനന്ദ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.

തുറന്ന ജയിൽ വളപ്പിൽ കോമ്പൗണ്ടോ ഫെൻസിംഗോ ഇല്ലാത്തുകാരണം പ്രദേശവാസികൾ അതിക്രമിച്ചു കടക്കുകയാണെന്ന് ജയിൽ സൂപ്രണ്ട് പറയുന്നു.