.
വെല്ലിംഗ്ടൺ : ഹാമിൽട്ടണിൽ നടന്ന നാലാം ഏകദിനത്തിലെ നാണംകെട്ട തോൽവിയിൽ നിന്ന് വിജയത്തിലേക്ക് പറന്നുയർന്ന ഇന്ത്യ ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര പരമ്പര 4-1ന് സ്വന്തമാക്കി. ഇന്നലെ വെല്ലിംഗ്ടണിൽ നടന്ന അവസാന ഏകദിനത്തിൽ 35 റൺസിനായിരുന്നു രോഹിത് ശർമ്മ നയിച്ച ഇന്ത്യൻ ടീമിന്റെ വിജയം.
ഇന്നലെ ടോസ് നേടി ആദ്യബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.5 ഒാവറിൽ 252 റൺസിന് ആൾ ഒൗട്ടായപ്പോൾ ആതിഥേയരുടെ മറുപടി 44.1 ഒാവറിൽ 217 റൺസിൽ ഒതുങ്ങുകയായിരുന്നു.
ഹാമിൽട്ടണിൽ 92 റൺസിന് ആൾ ഒൗട്ടായതിനെ അനുസ്മരിപ്പിച്ച് ഒരുഘട്ടത്തിൽ 18/4 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയിരുന്ന ഇന്ത്യയെ അമ്പാട്ടി റായ്ഡു (90), വിജയ് ശങ്കർ (45), കേദാർ യാദവ് (34), ഹാർദിക് പാണ്ഡ്യ (45) എന്നിവരടങ്ങിയ മദ്ധ്യനിരയുടെ പോരാട്ടമാണ് 252 ലേക്ക് എത്തിച്ചത്. കിവീസ് ബാറ്റിംഗിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പാർട്ണർ ഷിപ്പുകൾക്ക് വഴിയൊരുക്കാതിരുന്ന ബൗളർമാരും വിജയത്തിൽ പ്രധാനപങ്കുവഹിച്ചു. ഷമിയും ഹാർദിക് പാണ്ഡ്യയും രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ യുസ്വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. അമ്പാട്ടിയാണ് മാൻ ഒഫ് ദ മാച്ച്. പരമ്പരയിൽ 9 വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ഷമി മാൻ ഒഫ് ദ സിരീസായി.
ടോസ് നേടി ഇറങ്ങിയ ഇന്ത്യയ്ക്ക് ഹാമിൽട്ടണിലേതിന് സമാനമായ തകർച്ചയായിരുന്നു തുടക്കത്തിൽ. ആദ്യനാലോവറിൽ എട്ട് റൺസ് മാത്രം. അഞ്ചാം ഒാവറിന്റെ ആദ്യപന്തിൽ രോഹിതിനെ (2) ഹെൻട്രി ക്ളീൻ ബൗൾഡാക്കി. അടുത്ത ഒാവറിൽ ധവാനെ (6) ബൗൾട്ട് ഹെൻട്രിയുടെ കൈയിലെത്തിച്ചു. ഏഴാം ഒാവറിൽ ശുഭ്മാൻ ഗില്ലും പത്താം ഒാവറിൽ ധോണിയും കൂടാരം കയറിയതോടെയാണ് ഇന്ത്യ 18/4 എന്ന നിലയിലായത്.
തുടർന്ന് അമ്പാട്ടിയും വിജയ് ശങ്കറും ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 98 റൺസ് നിർണായകമായി. 64 പന്തുകളിൽ നാല് ഫോറടക്കം 45 റൺസെടുത്ത വിജയ് ശങ്കർ 32-ാം ഒാവറിൽ റൺ ഒൗട്ടാവുകയായിരുന്നു. പകരമിറങ്ങിയ കേദാറിനൊപ്പം അമ്പാട്ടി കൂട്ടിച്ചേർത്തത് 74 റൺസ്. സെഞ്ച്വറിയിലേക്ക് കുതിച്ച അമ്പാട്ടിയെ 44-ാം ഒാവറിലാണ് ഹെൻട്രി പുറത്താക്കിയത്. 113 പന്തുകൾ നേരിട്ട അമ്പാട്ടി എട്ടുഫോറും നാല് സിക്സും പായിച്ചു. ടീം സ്കോർ 203- ൽ കേദാറും മടങ്ങിയശേഷം ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട്. 22 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്സുമടക്കം 45 റൺസടിച്ച പാണ്ഡ്യ 49-ാം ഒാവറിലാണ് പുറത്തായത്. അവസാന ഒാവറിൽ ഭുവിയും ഷമിയും കൂടി കൂടാരം കയറിയതോടെ ഇന്ത്യ ആൾ ഒൗട്ടായി. ആതിഥേയർക്ക് വേണ്ടി ഹെൻട്രി നാല് വിക്കറ്റും ബൗൾട്ട് മൂന്ന് വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ കിവീസ് നിരയിൽ നിക്കോൾസ് (8), മൺറോ (24) എന്നിവരെ ആദ്യ പത്തോവറിനുള്ളിൽ ഷമി മടക്കി അയച്ചു. ടെയ്ലറെ (1) കാലുറിക്കുന്നതയിന് മുമ്പ് ഹാർദിക് എൽ.ബയിൽ കുരുക്കി തിരിച്ചയച്ചതും നിർണായകമായി. തുടർന്ന് വില്യംസൺ (39), ലതാം (37), നിഷം (44), ഗ്രാൻഡ്ഹോം (11), സാന്റ്നർ (22) എന്നിവരുടെ വിക്കറ്റുകൾ വീണത് കിവീസിന് തിരിച്ചടിയായി.