guru3

 'മഹാഗുരു' ട്രെയിലർ പ്രദർശിപ്പിച്ചു

നെരൂൾ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗുരുദേവഗിരി തീർത്ഥാടനവും പ്രതിഷ്ഠാ വാർഷിക മഹോത്സവവും സമാപിച്ചു. ശിവഗിരി ധർമസംഘം പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സർവേശ്വരാനന്ദ എന്നിവർ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് മുഖ്യ കാർമികത്വം വഹിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും കർമപഥങ്ങളും ആസ്‌പദമാക്കി കൗമുദി ടിവി നിർമ്മിക്കുന്ന 'മഹാഗുരു' മെഗാപരമ്പരയുടെ പ്രിമിയർ ട്രെയിലർ സമ്മേളന വേദിയിൽ പ്രദർശിപ്പിച്ചു.

സമിതിയുടെ 41 യൂണിറ്റുകളിൽ നിന്നും കേരളം, പുണെ, നാസിക്ക്, വാപ്പി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിനു ഗുരുഭക്തർ തീർത്ഥാടന ഘോഷയാത്രയിലും സമ്മേളനത്തിലും പങ്കെടുത്തു.

ദാരിദ്ര്യം മൂലം വിദ്യാഭ്യാസം തടസപ്പെടുന്നവർക്കും രോഗദുരിതങ്ങൾ അനുഭവിക്കുന്നവർക്കും ജീവിത സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്നവർക്കും ജാതിമത ഭേദമെന്യേ തുണയാകുക എന്നതാകണം ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രവർത്തന ലക്ഷ്യമെന്ന് പൊതുസമ്മേളനത്തിൽ പ്രസംഗിച്ച ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ഈ ലക്ഷ്യം നിറവേറ്റാൻ ശിവഗിരി മഠം ഗുരുനിധി എന്ന സംരംഭം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. സ്വാമി ശാരദാനന്ദ, സ്വാമി സർവേശ്വരാനന്ദ , മഹാരാഷ്ട്ര ദക്ഷിത സമിതി ചെയർമാൻ ഡി.എ. ചൗഗുള , സമിതി പ്രസിഡന്റ് എൻ. ശശിധരൻ, എം.ഐ. ദാമോദരൻ, എൻ.മോഹൻദാസ്, എൻ.എസ്. സലിംകുമാർ, കെ. നടരാജൻ എന്നിവർ പ്രസംഗിച്ചു.