കാട്ടാക്കട: അപകടത്തിൽ പരിക്കേറ്റ് പതിനഞ്ച് ദിവസം കൊടുംവനത്തിലെ പാറക്കൂട്ടത്തിനുള്ളിൽ അകപ്പെട്ട ആദിവാസി യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. പേപ്പാറ സെറ്റിൽമെന്റിലെ എറമ്പിയാട് സെറ്റിൽമെന്റിലെ ഈച്ചൻ കാണിയെയാണ് (40) രക്ഷിച്ചത്. പതിനഞ്ച് ദിവസം മുൻപ് വനവിഭവങ്ങൾ ശേഖരിക്കാനാണ് ഈച്ചൻ കാണി സഹോദരൻ അരുവിയൻ കാണിക്കും അയൽവാസിയായ മണിയൻ കാണിക്കുമൊപ്പം കേരള - തമിഴ്നാട് അതിർത്തിയിൽ ഉള്ള ക്ലാമല ഫോറസ്റ്റ് സെക്‌ഷന്റെ പരിധിയിലുള്ള കളക്കോട്- മുണ്ടൻ തറ ഭാഗത്ത് എത്തിയത്. വലിയ പാറക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോൾ ഈച്ചൻ കാണി കാൽ വഴുതി താഴെയുള്ള പാറക്കല്ലുകൾക്ക് ഇടയിൽ വീണ് പരിക്കേറ്റു. കാൽമുട്ടിന്റെ ചിരട്ട തകർന്ന് അനങ്ങാൻ പോലും വയ്യാതെ കിടന്ന ഈച്ചൻകാണിയെ കാട്ടുവള്ളിയും മറ്റും കെട്ടി മുകളിൽ എത്തിക്കാൻ കൂടെയുള്ളവർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സ്വന്തം ഊരിൽ എത്തി മറ്റുള്ളവരെ കൂട്ടി മടങ്ങിയെത്താം എന്ന് പറഞ്ഞ് അയൽവാസി മണിയൻ കാണി മടങ്ങി. എന്നാൽ രണ്ടാഴ്ച ആയിട്ടും ഇയാൾ മടങ്ങി എത്തിയില്ല. ഇത്രയും ദിവസം സഹോദരൻ വനത്തിൽ നിന്നു ശേഖരിച്ച കാട്ടു കിഴങ്ങുകളും വെള്ളം കുടിച്ചുമാണ് ഈച്ചൻ കാണി ജീവൻ നിലനിറുത്തിയത്.
രണ്ട് ദിവസം മുൻപ് ഉൾക്കാട്ടിലെ പാറക്കൂട്ടത്തിനിടയിൽ അവശനിലയിൽ ഒരു യുവാവിനെ കണ്ടതായ വിവരം നെയ്യാർ ഫോറസ്റ്റ് റെയ്ഞ്ചിലെ ക്ലാമല സെക്‌ഷൻ ഫോറസ്റ്റർ മാർട്ടിനും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കൂടിയായ കുറ്റിച്ചൽ പഞ്ചായത്തിലെ ചോനംപാറ വാർഡ് മെമ്പർ രമേശനും ലഭിച്ചു. തുടർന്ന് ഇരുവരും മറ്റുള്ളവരെയും കൂട്ടി തെരച്ചിൽ നടത്തുകയും വനത്തിനുള്ളിലെ പാറക്കൂട്ടത്തിനിടയിൽ കിടന്ന ഈച്ചൻ കാണിയെ കണ്ടെത്തുകയും ചെയ്തു. അടുത്ത ദിവസം രാവിലെ നെയ്യാറിൽ നിന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരും വാച്ചർമാരും അടങ്ങിയ പന്ത്രണ്ടംഗ സംഘം ക്ലാമലയിൽ എത്തി കാട്ടുകമ്പുകളും കാട്ടുവള്ളിയും ഉപയോഗിച്ച് സെട്രച്ചർ ഉണ്ടാക്കി ഈച്ചൻ കാണിയെ അതിൽ കിടത്തി ആറ് കിലോമീറ്റർ ദൂരം കൊടുംവനത്തിലൂടെ തോളിൽ ചുമന്ന് വനത്തിന് പുറത്ത് എത്തിച്ചു. തുടർന്ന് കാൽമുട്ടിന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ട്.