മാഡ്രിഡ് : പരാജയം മുന്നിൽക്കണ്ട മത്സരത്തിൽ ലയണൽ മെസിയുടെ തകർപ്പൻ ഇരട്ട ഗോളിലൂടെ സമനില പിടിച്ച് ബാഴ്സലോണ. കഴിഞ്ഞദിവസം സ്വന്തം തട്ടകമായ കാംപ് നൗവിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന ശേഷം ബാഴ്സലോണ സമനില പിടിച്ചെടുക്കുകയായിരുന്നു. മെസിയാണ് ബാഴ്സയുടെ രണ്ട് ഗോളുകളും നേടിയത്.
24-ാം മിനിട്ടിൽ ഗമേറോ നേടിയ ഗോളിലൂടെയാണ് വലൻസിയ മുന്നേറ്റം തുടങ്ങിയത്. 32\ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഡാനി പരേജോ ലീഡ് 2-0 ആയി ഉയർത്തി. 39-ാംമിനിട്ടിൽ ലഭിച്ചപെനാൽറ്റിയാണ് മെസി ബാഴ്സയുടെ ആദ്യ ഗോളാക്കി മാറ്റിയത്. 64-ാം മിനിട്ടിൽ രണ്ടാം ഗോളോടെ മെസി സമനില പിടിച്ചെടുത്തു.
അതേസമയം മെസിക്ക് മത്സരത്തിനിടെ ഉണ്ടായ പരിക്ക് ബാഴ്സലോണയ്ക്ക് സമ്മർദ്ദം സൃഷ്ടിച്ചിട്ടുണ്ട്. ബുധനാഴ്ച റയൽ മാഡ്രിഡിനെതിരെ സ്പാനിഷ് കിംഗ്സ് കപ്പ് സെമിഫൈനലിൽ മെസി കളിക്കുന്ന കാര്യം ഉറപ്പില്ല.
ലീഗിലെ 22 മത്സരങ്ങൾ പിന്നിടുമ്പോൾ 50 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. 21 കളികളിൽനിന്ന് 44 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് രണ്ടാംസ്ഥാനത്തും. 39 പോയിന്റുമായി റയൽ മാഡ്രിഡ് മൂന്നാംസ്ഥാനത്തുമുണ്ട്.
ലാലിഗയിലെ മറ്റ് മത്സരങ്ങളിൽ ഹ്യുയേസ്ക 4-0 ത്തിന് റയൽ വയ്യ ലോയ്ഡിനെയും റയൽ സോഡി ഡാഡ് 2-1ന് അത്‌ലറ്റിക് ക്ളബിനെയും തോൽപ്പിച്ചു. ലെവാന്റെ ഗെറ്റാഫെയുമായി ഗോൾ രഹിത സമനില വഴങ്ങി.
യുവന്റസിനെ തളച്ച്
പാർമ
റോം : ഇറ്റാലിയൻ സെരി ഫുട്ബാളിൽ കരുത്തരായ യുവന്റസിനെ സമനിലയിൽ തളച്ച് പാർമ. ഇരുവശത്തുമായി ആറുഗോളുകൾ പിറന്ന മത്സരത്തിൽ യുവന്റസിന് വേണ്ടി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി.
36-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോയിലൂടെയാണ് യുവന്റസ് സ്കോറിംഗ് തുടങ്ങിയത്. 62-ാം മിനിട്ടിൽ റുഗാനി യുവയുടെ ലീഡ് 2-0 ആയി ഉയർത്തി. 64-ാം മിനിട്ടിൽ ബരീലയിലൂടെ പാർമ ഒരു ഗോൾ തിരിച്ചടിച്ചു. 66-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ വീണ്ടും സ്കോർ ചെയ്ത യുവന്റസിനെ 3-1ന് മുന്നിലെത്തിച്ചു.
പക്ഷേ 74-ാം മിനിട്ടിലും അവസാന മിനിട്ടിലും ഗെർവിഞ്ഞോ നേടിയ ഗോളുകൾ. പാർമയ്ക്ക് വിലപ്പെട്ട സമനില നേടിക്കൊടുക്കുകയായിരുന്നു.
സെരി എയിൽ 22 മത്സരങ്ങളിൽനിന്ന് 60 പോയിന്റുമായി യുവന്റസാണ് മുന്നിൽ. ഒരു കളിയും തോറ്റിട്ടില്ലാത്ത യുവയുടെ സീസണിലെ മൂന്നാമത്തെ സമനിലയായിരുന്നു പാർമയ്ക്ക് എിരെ. 51 പോയിന്റുള്ള നാപ്പോളിയാണ് രണ്ടാംസ്ഥാനത്ത്.
ഇംഗ്ളീഷ് പ്രിമിയർ ലീഗ്
അഞ്ചടിച്ച് ചെൽസി
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഹേഡേഴ്സ് ഫീൽഡിനെ കീഴടക്കി. ചെൽസിക്ക് വേണ്ടി ഹിഗ്വെയ്നും ഏദൻ ഹസാഡും രണ്ട് ഗോളുകൾ വീതം നേടി. ഡേവിഡ് ലൂയിസ് ഒരു ഗോളടിച്ചു.
16-ാം മിനിട്ടിൽ ഹിഗ്വെയ്നിലൂടെയാണ് ചെൽസി സ്കോറിംഗ് തുടങ്ങിയത്ര. 45-ാം മിനിട്ടിൽഹഡാഡ് പെനാൽറ്റിയിലൂടെ സ്കോർ ഉയർത്തി. 66-ാം മിനിട്ടിൽ ഹസാഡും 69-ാം മിനിട്ടിൽ ഹിഗ്വെയ്നും രണ്ടാം ഗോളുകൾ നേടി. 86-ാം മിനിട്ടിലായിരുന്നു ഡേവിഡ് ലൂയിസിന്റെ ഗോൾ.
ഇൗ വിജയത്തോടെ 25 മത്സരങ്ങളിൽനിന്ന് 50 പോയിന്റുമായി ചെൽസി ആഴ്സനലിനെ മറികടന്നു. നാലാമതെത്തി. ആഴ്സനലിന് 24 മത്സരങ്ങളിൽ നിന്ന് 47 പോയിന്റാണുള്ളത്.
24 കളികളിൽനിന്ന് 61 പോയിന്റുള്ള ലിവർപൂളാണ് പോയിന്റ്നിലയിൽ ഒന്നാമത്. 57 പോയിന്റുമായി ടോട്ടൻഹാം രണ്ടാംസ്ഥാനത്തുണ്ട്. 56 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് മൂന്നാമത്.
സന്തോഷ് ട്രോഫി: കേരളത്തിന്
ഇന്ന് ആദ്യ മത്സരം
നെയ്‌വേലി : സന്തോഷ് ട്രോഫി ഫുട്ബാൾ സൗത്ത് സോൺ യോഗ്യാ റൗണ്ടിലെ ആദ്യമത്സരത്തിൽ കേരളം ഇന്ന് തെലുങ്കാനയെ നേരിടും. എസ്.ബി.ടിയിലെ വി.പി ഷാജി പരിശീലിതിക്കും ടീമിനെ കഴിഞ്ഞവർഷം ഫൈനലിൽ വിജയ പെനാൽറ്റി എടുത്ത എസ് സീസണാണ് നയിക്കുന്നത്. ഇന്ന് രാവിലെ ഒൻപത് മണിക്കാണ് മത്സരം.
പ്രോവോളി: കലിക്കറ്റ് ഹീറോസിന്
കലക്കൻ വിജയം
കൊച്ചി : പ്രോവോളിബാളിൽ ഇന്നലെ നടന്ന ആദ്യമത്സരത്തിൽ കലിക്കറ്റ് ഹീറോസിന് മിന്നുന്ന വിജയം. ഒന്നിനെതിരെ നാല്സെറ്റുകൾക്ക് ചെന്നൈ സ്പാർട്ടൻ സിനെയാണ് കലിക്കറ്റ് ഹീറോസ് കീഴടക്കിയത്.
സ്കോർ 15-8, 15-8, 13-15, 15-11, 15-11.
തിരുവനന്തപുരത്തുകാരൻ അജിത് ലാൽ, ജെറൗം വിനീത് , നവീൻ കുമാർ, ലിബറോ രതീഷ് തുടങ്ങിയവർ അണിനിരന്ന കലിക്കറ്റ് ഹീറോസിന്റെ കൈക്കരുത്തിന് മുന്നിൽ ചെന്നൈ സ്പാർട്ടൻസിന് പൊരുതാൻ പോലും കഴിഞ്ഞിരുന്നില്ല. നവീൻ രാജ ജേക്കബ്, വിബിൻ എം. ജോർജ്, അലിൻ ജി.എൻ. എന്നിവരടങ്ങിയ സ്പാർട്ടൻസിന് മൂന്നാം സെറ്റിൽ മാത്രമാണ് മേൽക്കൈ നേടാനായത്.