water-bug-

സന്താനോത്പാദനവും ശിശുപരിചരണവുമെല്ലാം അച്ഛനമ്മമാരുടെ കൂട്ടുത്തരവാദിത്തമാണ്. എന്നാൽ ഒരു ഗർഭകാലം പിന്നിടുന്നതിന്റെ ആലസ്യം സ്ത്രീയ്ക്ക് മാത്രമാണുണ്ടാകുക. പക്ഷേ, ഗർഭകാലത്തിന്റെ ശാരീരിക, മാനസിക അസ്വാസ്ഥ്യങ്ങൾ തന്റെ പങ്കാളിയ്ക്കും ഉറപ്പുവരുത്തുന്ന ഒരു ജീവിവർഗമുണ്ട് ഭൂമിയിൽ. വെള്ളത്തിൽ ചാഴി ( Giant water bug )എന്നറിയപ്പെടുന്ന ഇരപിടിയൻ ചാഴിയാണ് ഈ പാരസ്പര്യത്തിന്റെ കഥപറയുന്നത്. നെൽപ്പാടങ്ങളിൽ സ്ഥിരം കണ്ടുവരുന്ന ഇവ നെല്ലിനെ ആക്രമിക്കുന്ന കീടങ്ങളെ തിന്നൊടുക്കുക വഴി കർഷകർക്കും ഏറെ പ്രയോജനമുള്ളയാളാണ്. സാധാരണയായി ഇണചേരുമ്പോൾ മാത്രമേ കീടങ്ങളിലെ ആൺ-പെൺ ജാതികൾ തമ്മിലുള്ള ബന്ധം നിലനിൽക്കാറുള്ളൂ. എന്നാൽ ഈ വെള്ളത്തിൽ ചാഴിയുടെ പെൺകീടം കരുതലിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ്. ഇണചേരലിന് ശേഷം തന്റെയുള്ളിലുരുവമാകുന്ന മാതൃചോദനകളെ അപ്പാടേ തന്റെ പങ്കാളിക്കായും അവ പകർന്നുകൊടുക്കും. തന്നെ അമ്മയാക്കിയ ‘കുഞ്ഞു ‘ മുട്ടകളത്രയും അവൾ തന്റെ പങ്കാളിയുടെ (മുൻ)ചിറകുകളിൽ തന്നെ നിക്ഷേപിക്കും. അങ്ങനെയാണ് തന്റെ പങ്കാളിയെ അവൾ തന്റെ കുട്ടികളുടെ അച്ഛനായി പ്രതിഷ്ഠിക്കുന്നത്. എന്നാൽ വിചിത്രമതല്ല, ആ മുട്ടകളത്രയും വിരിഞ്ഞിറങ്ങുന്നതുവരെ അവന് സ്വന്തം ചിറകുകൾ അനക്കാൻ പോലുമാകില്ല!