തിരുവനന്തപുരം: അടിക്കടി ജലവിതരണം മുടങ്ങുന്നത് ജനറൽ ആശുപത്രിയിലെ രോഗികളെ ബുദ്ധിമുട്ടിക്കുന്നു. പലപ്പോഴും പ്രാഥമിക കൃത്യങ്ങൾക്കുൾപ്പെടെ പുറത്തുനിന്ന് കാശുകൊടുത്ത് വെള്ളംവാങ്ങേണ്ട ഗതികേടിലാണ് രോഗികളും കൂട്ടിരിപ്പുകാരും. വാർഡിനപ്പുറത്ത് കുഴൽക്കിണറുണ്ടെങ്കിലും ഏറെ സമയം ക്യൂ നിന്നാലെ വെള്ളമെടുക്കാനാവൂ. കഴിഞ്ഞ ആഴ്ചയിൽ ആറുദിവസവും വെള്ളമില്ലായിരുന്നുവെന്ന് രോഗികൾ പറയുന്നത്. അധികൃതരോട് പരാതിപറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ ശനിയാഴ്ച വെള്ളം വന്നു. പക്ഷേ, പിറ്റേദിവസം വീണ്ടും പഴയപടിയായി.വെള്ളം മുടങ്ങുന്നത് ടോയ്‌ലറ്റുകൾ വൃത്തിഹീനമാകാൻ ഇടയാക്കുന്നുണ്ട്. ഇത് അണുബാധയ്ക്ക് ഇടയാക്കുമോ എന്ന ഭീതിയും ഉണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളാണ്

ഏറെ ബുദ്ധിമുട്ടുന്നത്. കുടിവെള്ളപ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ നിർബന്ധിത ഡിസ്ചാർജ് വാങ്ങിപ്പോകാൻ തയ്യാറെടുത്തിരിക്കുകയാണ് രോഗികളിൽ ചിലർ.

വെള്ളംവാങ്ങുന്നത് കാശുകൊടുത്ത്

കഴിഞ്ഞ മാസം 25 മുതൽവാട്ടർ അതോറിറ്രിയിൽ നിന്ന് വെള്ളം കിട്ടുന്നില്ല. ദിവസവും ഞങ്ങൾ അവരെ വിളിച്ച് പരാതി പറയാറുണ്ട്. ആശുപത്രിയിലേയക്കുള്ള പൈപ്പിലെ മർദ്ദവ്യത്യാസം കാരണമായിരിക്കും വെള്ളം കയറാത്തതെന്നാണ് അവർ പറയുന്നത്. പുറത്ത് നിന്ന് പണം കൊടുത്താണ് ഇപ്പോൾ വെള്ളം വാങ്ങുകയാണ്. ഇത് കൂടുതൽ ദിവസം തുടരാൻ കഴിയില്ല. സൂപ്രണ്ട്. ജനറൽ ആശുപത്രി