psc

തിരുവനന്തപുരം: എല്ലാ ജീവനക്കാരുടെയും വിരമിക്കൽ തീയതി മുൻകൂട്ടി പി.എസ്.സിയെ അറിയിക്കാൻ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതോടെ പി.എസ്.സിക്ക് വേഗത്തിൽ ഒഴിവുകൾ നികത്താനാവും. ശമ്പളവിതരണത്തിനുള്ള സ്പാർക്ക് സോഫ്‌ട്‌വെയർ പി.എസ്.സിയുമായി ബന്ധിപ്പിക്കണോ പുതിയ സംവിധാനം ഒരുക്കണോയെന്ന് പരിശോധിക്കും.

എന്തായാലും വേഗത്തിൽ നിയമനം നടത്താനുള്ള നടപടികളെടുക്കുമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സി.മമ്മൂട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്റി മറുപടി നൽകി.

ഒഴിവുകൾ കൃത്യമായും യഥാസമയത്തും റിപ്പോർട്ട് ചെയ്യുന്നതിനും റാങ്ക് ലിസ്റ്റുകളിൽനിന്നു പരമാവധി നിയമനം ഉറപ്പുവരുത്തുന്നതിനും നടപടികളെടുക്കുന്നുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 2018 ഡിസംബർ വരെ 90,183 പേർക്ക് നിയമന ശുപാർശ നൽകി. വിദ്യാഭ്യാസ വകുപ്പിൽ 4434 ഉം ആരോഗ്യവകുപ്പിൽ 4217 ഉം ഉൾപ്പെടെ വിവിധ വകുപ്പുകളിലായി 18,896 പുതിയ തസ്തികകൾ സൃഷ്ടിച്ചു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾ പി.എസ്.സി വഴിയാക്കാൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.