crime

തിരുവനന്തപുരം: പൊലീസ് നോക്കിനിൽക്കെ വെട്ടുതുറ കടൽതീരത്ത് ആൾഡൻ ആന്റണിയെന്ന യുവാവിനെ തലയ്ക്കടിച്ചു കൊന്നകേസിലെ പത്താം പ്രതിയെ ആറുവർഷത്തിനുശേഷവും അറസ്റ്റ് ചെയ്യാതെ പൊലീസ്. കഠിനംകുളം പൊലീസ് സ്റ്റേഷനിൽ ജി.ഡി. ചാർജിനെ പൊലീസ് സ്റ്റേഷനിൽ കയറി അടിച്ചതുൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയായ വെട്ടുതുറ ചർച്ചിന് സമീപം ആന്റോയെന്ന ആന്റണിയാണ് ഇതുവരെ പൊലീസിന്റെ വലയിൽ വീഴാതെ ഒളിച്ചു കളിക്കുന്നത്. ആൾഡൻ ആന്റണിക്കേസിൽ കൂട്ടുപ്രതികളായ മറ്റ് ഒമ്പതുപേരെയും അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, ആന്റോയുടെ അറസ്റ്രും കുറ്റപത്രവും വൈകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ആൾഡന്റെ കുടുംബവും നാട്ടുകാരും.

ഒരു പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവായ ആന്റോയുടെ രാഷ്ട്രീയ ഭരണ സ്വാധീനമാണ് അറസ്റ്റിന് തടസമെന്നാണ് ആക്ഷേപം. പൊലീസ് സ്റ്റേഷനിൽ കയറി ജി.ഡി ചാർജിനെയും അഡി.എസ്.ഐയേയും അക്രമിച്ച കേസിലുൾപ്പെടെ പ്രതിയായ ഇയാളെ പിടികൂടാൻ പലതവണ പൊലീസ് ശ്രമിച്ചെങ്കിലും ഉന്നതലതല ഇടപെടൽ ഉണ്ടാകുന്നുവെന്നാണ് ആരോപണം.

കൊലപാതകക്കേസിൽ ആന്റോ പ്രതിസ്ഥാനത്തുണ്ടെന്നും തിരുവനന്തപുരം റൂറലിൽ അഞ്ച് ക്രിമിനൽ കേസിൽ പ്രതിയാണെന്നും വിവരാവകാശ മറുപടിയിൽ പൊലീസ് വെളിപ്പെടുത്തുന്നുണ്ട്. തെളിവ് ലഭിക്കുന്ന മുറയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യുമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

ആൾഡൻ ആന്റണി വധം

2013 മാർച്ചിൽ മരിയനാട് - വെട്ടുതുറ നിവാസികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് അനുനയിപ്പിക്കാനെത്തിയ എം.ബി.എ ബിരുദധാരി ആൾഡൻ ആന്റണി കൊല്ലപ്പെട്ടത്. മരിയനാട് സ്വദേശിയായ ഒരു സ്ത്രീയെ വെട്ടുതുറയിൽ ചീട്ടുകളിച്ചുകൊണ്ടിരുന്ന ഒരു സംഘം കമന്റടിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. കേസിൽ പത്ത് പേ‌ർക്കെതിരെ ഐ.പി.സി 143, 147, 148,149,341,294(ബി),302 വകുപ്പുകൾ പ്രകാരം 127 /13 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

പൊലീസിനെ അക്രമിച്ച കേസ്

പൊലീസ് പിടികൂടിയ കൂട്ടുകാരന്റെ ബൈക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് 2016 ഫെബ്രുവരിയിലാണ് ആന്റോ കഠിനംകുളം സ്റ്റേഷനിലെത്തി എസ്.ഐയെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തിയത്. മദ്യപിച്ച് ബൈക്കോടിച്ചതിന് രണ്ടുപേരെ ബാറിന് സമീപത്ത് നിന്ന് പിടികൂടിയിരുന്നു. ഇവരെ വിട്ടുകിട്ടാനായി ആന്റോയും കൂട്ടരും കഠിനംകുളം സ്‌റ്റേഷനിലെത്തി ഇരുവരെയും ജാമ്യത്തിലിറക്കി. എന്നാൽ പിടിച്ചെടുത്ത ബൈക്കും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു. രേഖകൾ കൊണ്ടുവന്നാൽ മാത്രമേ വാഹനം വിട്ടുതരാൻ പറ്റൂവെന്ന് പൊലീസ് ശഠിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന അഡീഷണൽ എസ്.ഐ അരുണിനെ ഭീഷണിപ്പെടുത്തിയശേഷം ജി.ഡി ചാർജിനെ അക്രമിച്ചു. ആ സമയം സ്റ്റേഷനിൽ പൊലീസുകാർ കുറവായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ പൊലീസ് എത്തുമെന്ന് മനസിലാക്കിയ ആന്റോ സ്ഥലംവിട്ടു.

അരഡസൻ ഓഫീസർമാർ അന്വേഷിച്ചു

ആൾഡൻ ആന്റണിക്കേസിൽ ആന്റോ ഒഴികെ ഒമ്പത് പ്രതികൾക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ആന്റോയ്ക്കെതിരെ ഇപ്പോൾ അന്വേഷണം നടത്തുന്നത് ആറാമത്തെ അന്വേഷണ ഉദ്യോഗസ്ഥനാണ്. സ്റ്റേഷനുകളിൽ സി.ഐമാരെ എസ്.എച്ച്.ഒ മാരാക്കിയതോടെ കടയ്ക്കാവൂർ സി.ഐ ഓഫീസിൽ നിന്ന് കേസ് ഫയൽ കഠിനംകുളം സ്റ്റേഷനിലേക്ക് മാറിയിട്ടുണ്ട്.