തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം ചെറുത്ത് ആഘാതം ലഘൂകരിക്കാനുള്ള സംസ്ഥാന കാലാവസ്ഥാ വ്യതിയാന കർമ്മപദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഓരോ മേഖലയിലെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനവും അതുമൂലം ഉണ്ടായേക്കാവുന്ന ആഘാതങ്ങളും പരിഹാരമാർഗങ്ങളും കർമ്മപദ്ധതിയിലുണ്ട്.
കേരളത്തിന്റെ പുനർനിർമ്മാണ പദ്ധതിയായ 'റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കീഴിൽ" എല്ലാ സർക്കാർ ഏജൻസികളുടെയും വകുപ്പുകളുടെയും ശേഷി വികസനത്തിനുള്ള നടപടികളുണ്ടാകും. സാങ്കേതിക സ്ഥാപനങ്ങളുടെ സഹായവും ആഗോളതല മികവുറ്റ സങ്കേതങ്ങളുടെ മാതൃകകളും ഇതിനായി ഉപയോഗപ്പെടുത്തും.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സമഗ്രമായ പഠനവും ഗവേഷണവും ലക്ഷ്യമിട്ടാണ് 2014-ൽ കോട്ടയത്ത് കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം ആരംഭിച്ചത്. ദേശീയ അന്തർദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.