sasi

തിരുവനന്തപുരം:ശത്രുക്കൾപോലും അനുമോദിക്കുന്ന ജനക്ഷേമ പദ്ധതികൾ ഉൾക്കൊള്ളുന്ന ബഡ്ജറ്റാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി അഭിപ്രായപ്പെട്ടു.

നിയമസഭയിൽ ബഡ്ജറ്റ് പ്രസംഗത്തിലുള്ള ചർച്ചയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.

പ്രളയം ദുരന്തം വിതയ്ക്കുന്നതിന്
മുമ്പേ കേന്ദ്ര സർക്കാരിന്റെ ചില നടപടികൾ കേരളത്തെ സാമ്പത്തികമായി വീർപ്പുമുട്ടിച്ചിരുന്നു. നോട്ടുനിരോധനവും മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കലും ഓഖി ദുരന്തവുമൊക്കെ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചു, അതിനു
പിന്നാലെയാണ് പ്രളയം. ഈ അരക്ഷിതാവസ്ഥയിൽ
നിന്നു കരകയറാൻ കേരളം നടത്തിയ കഠിനശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ കാഴ്ചക്കാരായി
നിന്നു. നേരിട്ട് കാര്യമായി സഹായിച്ചില്ലെന്നു മാത്രമല്ല, പുറത്തു നിന്നുള്ള സ്‌നേഹസഹായങ്ങൾ പാടേ വിലക്കി. താങ്ങേണ്ടവർ ഇങ്ങനെ തള്ളി വീഴ്ത്തിയപ്പോഴും കേരളം തലയുയർത്തി എഴുന്നേ​റ്റു നിന്നത്, ഇവിടെ ജനങ്ങൾ സോദരത്വേന വാഴുന്നതുകൊണ്ടാണ്,

കേരളത്തിൽ വിദ്യാഭ്യാസവിപ്ളവത്തിന് തുടക്കം കുറിച്ച മഹാത്മാ അയ്യങ്കാളി വെങ്ങാനൂരിൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ഇന്ന് എയ്ഡഡ് സ്കൂളാണ്. ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കണം. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിന്റെ വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണം. മലയാളത്തിന്റെ മഹാനടൻ പ്രേംനസീറിന് സ്മാരകം നിർമ്മിക്കാൻ ആവശ്യമായ ഭൂമി ലഭ്യമാണ്. സ്മാരക നിർമ്മാണത്തിന് ബഡ്ജറ്റിൽ അഞ്ച് കോടി വകയിരുത്തണം. ചിറയൻകീഴ് മണ്ഡലത്തിൽ ഗവൺമെന്റ് മേഖലയിലോ എയ്‌ഡഡ് മേഖലയിലോ ഒരു ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിക്കണം.ഇതിനുള്ള ഭൂമി ലഭ്യമാണ്.


.1000 കോടിയുടെ കുട്ടനാട് പാക്കേജും, കാർഷിക മേഖലയുടെ സമഗ്രവികസനവും, പൊതുവിദ്യാഭ്യാസത്തോടുള്ള പ്രത്യേക കരുതലും, പരമ്പരാഗത വ്യവസായങ്ങളുടെ വീണ്ടെടുപ്പും നവകേരള സൃഷ്ടിക്കുള്ള സാർത്ഥകമായ
പദ്ധതികളാണെന്നും ശശി പറഞ്ഞു.