mala
മാലപൊട്ടിക്കൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി നഗരത്തിലെ സ്ത്രീകളുൾപ്പെടെയുള്ള മാല മോഷ്ടാക്കളെ കൂട്ടത്തോടെ പൊക്കാൻ പൊലീസ്. ഇതിനായി സ്ഥിരം മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളായ അന്യസംസ്ഥാനക്കാരും മലയാളികളുമുൾപ്പെടെ 200 ലധികം പേരുടെ പട്ടിക പൊലീസ് തയ്യാറാക്കുന്നു. ഇവരിൽ കുപ്രസിദ്ധരായവരുടെ ഫോട്ടോയുൾപ്പെടെയുള്ള ലുക്ക് ഔട്ട് നോട്ടീസ് വരും ദിവസങ്ങളിൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പതിക്കും. പൊങ്കാലയ്ക്ക് മുന്നോടിയായി ഇവരെ കസ്റ്റഡിയിലെടുക്കുകയോ നിരീക്ഷണത്തിലാക്കുകയോ ചെയ്യുകയാണ് ലക്ഷ്യമെങ്കിലും പൊലീസ് വലപൊട്ടിച്ച് ഓപ്പറേഷനിറങ്ങിയാൽ ഭക്തർക്ക് അവരെ തിരിച്ചറിയുക എന്ന ലക്ഷ്യമാണ് ലുക്ക് ഔട്ട് നോട്ടീസിനു പിറകിലുള്ളത്.

അന്യസംസ്ഥാനത്ത് നിന്നുളള മാലപൊട്ടിക്കലുകാരെ പിടികൂടാൻ കർണാടക, തമിഴ്നാട് പൊലീസ് സേനയിൽ നിന്നുള്ള ക്രൈം സ്ക്വാഡ് അംഗങ്ങൾ ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായി തലസ്ഥാനത്തെത്തും. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ തിരുട്ട് ഗ്രാമങ്ങളിൽ നിന്നുള്ള കവർച്ചക്കാരെ കൈയോടെ പിടികൂടുകയാണ് ഇവരുടെ ദൗത്യം. സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാലിൽ ഉത്സവത്തിന്റെ തുടക്കം മുതൽ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി ഭക്ത സഹസ്രങ്ങളാണ് ദ‌ർശനത്തിനെത്തുന്നത്. തിരക്കിനിടയിൽ ഇവരുടെ ആഭരണങ്ങളും പണവും കവർച്ച ചെയ്യുന്നത് തടയുകയെന്ന ഉദ്ദേശത്തോടെയാണ് പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.

രണ്ട് സംസ്ഥാനങ്ങളിലെയും സ്ഥിരം മാലപൊട്ടിക്കൽ , കവർച്ചാ സംഘങ്ങളിൽപ്പെട്ട പുരുഷ, സ്ത്രീ കുറ്റവാളികളുടെ ഫോട്ടോകളും ഓപ്പറേഷൻ വ്യക്തമാക്കുന്ന വീഡിയോകളും ഇവർ ആറ്റുകാൽ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ കാണിക്കും. കുറ്റവാളികളെ കണ്ടാൽ കൈയ്യോടെ പൊക്കുന്നതിനായി പൊലീസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പുകളിലേക്ക് ഇവരുടെ ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യും. വരും ദിവസങ്ങളിൽ വനിതാഷാഡോ ടീമുൾപ്പെടെ കൂടുതൽ പേർ രംഗത്തെത്തുന്നതോടെ ഭക്തരുടെ വേഷത്തിൽ കവർച്ചയ്ക്കിറങ്ങുന്ന സംഘങ്ങളെ പൂർണമായും അമർച്ച ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഇതുകൂടാതെ വനിതാ കമാൻഡോ സംഘവും ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിയ്ക്കെത്തും. എസ്.പി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ ആയിരം വനിതാ പൊലീസുകാരെയാണ് ഇത്തവണ ആറ്റുകാൽ ഡ്യൂട്ടിക്ക് നിയോഗിക്കുക. ഉത്സവദിവസം അടുക്കുമ്പോഴേക്കും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നായി കൂടുതൽ പുരുഷ പൊലീസുകാർ ഇവിടെ ഡ്യൂട്ടിക്കെത്തും.

 ആറ്റുകാൽ സുരക്ഷയ്ക്ക് ഘട്ടംഘട്ടമായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജീകരിക്കുക. മാലമോഷ്ടാക്കൾ, പോക്കറ്റടിക്കാർ, സാമൂഹ്യ വിരുദ്ധർ, മദ്യ -മയക്ക് മരുന്ന് കച്ചവടക്കാർ എന്നിവരെയെല്ലാം നിരീക്ഷിക്കാനും പിടികൂടാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ നിർദേശാനുസരണം ആറ്റുകാലുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുകയും സ്റ്റേഷനുകൾക്കാവശ്യമായ ആവശ്യമായ നി‌ർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. പഴുതടച്ച സുരക്ഷയാണ് ലക്ഷ്യം

എസ്. സുരേന്ദ്രൻ ,

സിറ്റി പൊലീസ് കമ്മിഷണർ.