തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ വാഹന പാർക്കിംഗിന് കർശന നിയന്ത്രണം. നിർമ്മാണം നടക്കുന്ന കഴക്കൂട്ടം - കോവളം ബൈപ്പാസിലുൾപ്പെടെ നിരത്ത് വക്കുകളിൽ പാർക്കിംഗ് ദുഷ്കരമായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പൊങ്കാലക്കാരുടെ സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകളിലോ എം.സി, എൻ.എച്ച്, എം.ജി റോഡുകളിലോ പാർക്കുചെയ്യാൻ അനുവദിക്കില്ല. ഗതാഗത, സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കി പാർക്കുചെയ്യുന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യും. ബൈപ്പാസിന്റെ വശത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും വേൾഡ് മാർക്കറ്റ്, ആനയറ ബസ് ഡിപ്പോ, സർവ്വീസ് റോഡുകളുടെ വശങ്ങൾ എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യമൊരുക്കും. നഗരത്തിനുള്ളിൽ സർക്കാർ സ്ഥാപനങ്ങളുടെയും സ്കൂൾ - കോളേജുകളുടെയും ഗ്രൗണ്ടുകളിലായി കാൽലക്ഷത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കും. ഇത് കൂടാതെ പാപ്പനംകോട് എൻജിനിയറിംഗ് കോളേജ്, നീറമൺകര എൻ.എസ്.എസ് കോളേജ്, എം.എം.ആർ.എച്ച്.എസ്.എസ് നീറമൺകര, ശിവ തിയേറ്റർ റോഡ് (ഒരു വശം മാത്രം പാർക്കിംഗ്), കൽപാളയം മുതൽ നീറമൺകര പെട്രോൾ പമ്പ് വരെ (ഒരു വശം മാത്രം പാർക്കിംഗ്), എന്നിവിടങ്ങളിലും പാർക്ക് ചെയ്യാം. ആറ്റുകാൽബണ്ട് റോഡിൽ പാർക്കിംഗ് അനുവദിക്കില്ല. ക്ഷേത്ര പരിസരത്ത് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകൾ സ്ഥാപിക്കും. പാർക്കിംഗിനും ഗതാഗത നിയന്ത്രണത്തിനുമായി ഉത്സവം നടക്കുന്ന പത്ത് ദിവസത്തേക്ക് പ്രത്യേകമായി അമ്പതോളം ട്രാഫിക് വാർഡൻമാരെ നിയോഗിക്കും.പൊങ്കാലയ്ക്ക് മുന്നോടിയായി നഗരത്തിൽ പൊതുമരാമത്ത് വകുപ്പ്, നഗരസഭ എന്നിവയുടെ അധീനതയിലുള്ള റോഡുകളുടെ അറ്റകുറ്റപണികൾ ഉടൻ പൂർത്തിയാക്കണമെന്ന നിർദേശവും കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഉയർന്നു.
ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
പൊങ്കാല ദിവസം നഗരത്തിൽ ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തും. നഗരാതിർത്തിക്കുള്ളിൽ ഇത്തരം വാഹനങ്ങൾ പ്രവേശിക്കാനോ പാർക്കുചെയ്യാനോ അനുവദിക്കില്ല.
ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം നഗരത്തിൽ പരമാവധി വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം സജ്ജമാക്കും. അപകടങ്ങൾ ഒഴിവാക്കാൻ പൊങ്കാലസ്ഥലങ്ങളിൽ ഒരുകാരണവശാലും പാർക്കിംഗ് അനുവദിക്കില്ല. കൂടുതൽ സ്ഥലങ്ങളിൽ പാർക്കിംഗ് ക്രമീകരിക്കാൻ നഗരസഭയും പൊലീസും ശ്രമിച്ചുവരികയാണ്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പാർക്കിംഗ് നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ട്രാഫിക് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
എസ്. സുരേന്ദ്രൻ, കമ്മിഷണർ, സിറ്രി പൊലീസ്