ന്യൂഡൽഹി: എല്ലാ ഐശ്വര്യത്തിനും കാരണം വിവാഹമാണ്. ഇന്ത്യൻ ബാഡ്മിന്റൻ താരം സൈന നേവാളാണ് ഇൗ വിശ്വാസം വച്ചുപുലർത്തുന്നത്.ഇൻഡോനേഷ്യൻ മാസ്റ്റേഴ്സ് കിരീടംനേടാനായതാണ് സൈനയെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.വനിതാ ബാഡ്മിന്റൻ ഫെഡറേഷൻ ടൂർണമെന്റുകളിൽ രണ്ടുവർഷത്തിനിടെ സൈനയുടെ ആദ്യ കിരീടനേട്ടമാണിത്. 2017ൽ മലേഷ്യയിലായിരുന്നു ആദ്യ കിരീടം.
കഴിഞ്ഞ ഡിംസംബറിലായിരുന്നു സഹതാരമായ പി.കശ്യപിനെ ജീവിത സഖാവാക്കിയത്.
ആഗ്രഹമുണ്ടായിരുന്നെങ്കിലും മാസ്റ്റേഴ്സ് കിരീടനേട്ടംപോലുള്ള ഒന്ന് ജീവിതത്തിലുണ്ടാകുമെന്ന് കരുതിയിരുന്നില്ല. വിവാഹം കൊണ്ടുവന്ന ഭാഗ്യമാണ് ആ കിരീടം സമ്മാനിച്ചതെന്നാണ് സൈന പറയുന്നത്. വിവാഹജീവിതത്തിൽ സൈന ഏറെ സന്തോഷവതിയാണെന്നാണ് അടുപ്പക്കാർ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ബാഡ്മിന്റൺ താരമാണ് ഹരിയാനക്കാരിയായ ഇരുപത്തെട്ടുകാരി സൈന. ഇന്ത്യയുടെ അയൺ ബട്ടർഫ്ലൈ എന്ന വിശേഷണവും സൈനയ്ക്ക് സ്വന്തം. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരവും സൈനയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാകായികതാരമെന്ന ബഹുമതിയും സൈനക്കുള്ളതാണ്. ഒളിമ്പിക്സ് ബാഡ്മിന്റൻ ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാണ് കശ്യപ്.