തിരുവനന്തപുരം: ഒരു നിമിഷം കൊണ്ട് ജീവിതത്തിന്റെ പ്രതീക്ഷകൾ കരിഞ്ഞുണങ്ങിയവർ, ഇന്ന് പൊരിവെയിലത്ത് വെള്ളപുതച്ചവർ കിടക്കുകയാണ്, ശവങ്ങളെപ്പോലെ. കെ.എസ്.ആർ.ടി.സിയിൽ നിന്ന് ജോലി നഷ്ടപ്പെട്ട എംപാനൽ ജീവനക്കാരാണ് പതിനഞ്ചു നാളായി സെക്രട്ടേറിയറ്റ് നടയിലുള്ളത്. ഇതിനിടെ പട്ടിണി സമരവും ശയന പ്രദക്ഷിണവുമൊക്കെ നടത്തി. പ്രതീക്ഷയുണ്ടായിരുന്ന ഇന്നലത്തെ ഹൈക്കോടതി വിധിയും പ്രതികൂലമായതോടെ ഇവരുടെ ജീവിതം ചോദ്യചിഹ്നമാവുകയാണ്.
എന്നാൽ സമരം തുടർന്നു കൊണ്ടു പോകാനാണ് ഇപ്പോഴും എംപാനൽ കൂട്ടായ്മയുടെ തീരുമാനം. ഒപ്പം സുപ്രീംകോടതിയെയും സമീപിക്കും. ബസുകളിൽ കയറിയും വഴിയാത്രക്കാരിൽ നിന്നുമൊക്കെ പിരിവെടുത്താണ് സമരക്കാർ അന്നത്തിനുള്ള വക കണ്ടെത്തുന്നത്. വർഷത്തിൽ 365 ദിവസവും 480 രൂപയ്‌ക്ക് ജോലിക്കു ചെയ്തവരാണ് അധികവും. സമരത്തിനിടെ രോഗം ബാധിച്ചവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചിലരൊക്കെ ആശ നശിച്ച് മടങ്ങി.
ഞങ്ങളിങ്ങനെ സമരം ചെയ്‌തിട്ടും സർക്കാർ കാണുന്നില്ലേ എന്ന് എംപാനൽ ജീവനക്കാരിയായ ബീന കണ്ണീരോടെ ചോദിക്കുന്നു. 'പലരും ആത്മഹത്യയുടെ വക്കിലാണ്. ഞങ്ങൾ പരസ്‌പരം ആശ്വസിപ്പിച്ച് അതൊഴിവാക്കി പോവുകയാണ്".- ബീന തുടർന്നു. സർക്കാരിലാണ് ഇനിയുള്ള പ്രതീക്ഷയെന്ന് സമരമുഖത്തുള്ളവർ പറയുന്നു. ഇല്ലെങ്കിൽ സർക്കാരിനെതിരെ സമരത്തിനിറങ്ങും. തിരഞ്ഞെടുപ്പിന് എൽ.ഡിഎഫിന് എതിരെ പ്രവർത്തിക്കുമെന്നും ഒരു പാനൽ കണ്ടക്ടർ പറഞ്ഞു.