തിരുവനന്തപുരം: വിമാനത്താവളങ്ങളിലെ ഇന്ധനനികുതി 29 ശതമാനത്തിൽ നിന്ന് അഞ്ചായി കുറയ്ക്കണമെന്ന 2017 സെപ്തംബറിലെ മന്ത്റിസഭാ തീരുമാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കരിപ്പൂർ വിമാനത്താവളത്തെ തകർത്താകരുത് കണ്ണൂരിനെ വികസിപ്പിക്കേണ്ടതെന്നും എല്ലായിടത്തും കണ്ണൂരിലേതു പോലെ ഇന്ധനികുതി ഒരു ശതമാനമാക്കണമെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എം.കെ മുനീർ ആവശ്യപ്പെട്ടു.

ഇന്ധന നികുതി കുറയ്ക്കുന്നതിനെ ഉഡാൻ പദ്ധതിയുമായി ബന്ധപ്പെടുത്തേണ്ടതില്ല. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങൾക്കും തുല്യ പരിഗണന നൽകണം. മുഖ്യമന്ത്റി കണ്ണൂരിന്റെ മുഖ്യമന്ത്റിയാകാതെ കേരളത്തിന്റെ മുഖ്യമന്ത്റിയായി പ്രവർത്തിക്കണമെന്നും മുനീർ പറഞ്ഞു.

നികുതി കുറച്ചാൽ ഇന്ധനം നിറയ്ക്കാൻ ഇപ്പോൾ ശ്രീലങ്കയെ ആശ്രയിക്കുന്ന വിമാനങ്ങൾ കേരളത്തിലെത്തുമെന്നും നികുതിവരുമാനം കൂടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 300 വിമാനങ്ങളാണ് ദിവസവും കേരളത്തിനു മുകളിലൂടെ പറക്കുന്നത്. ഇന്ധനനികുതി കുറയ്ക്കാനുള്ള മന്ത്റിസഭാ തീരുമാനം നടപ്പാക്കാത്തത് എന്താണെന്നും ചെന്നിത്തല ചോദിച്ചു.

തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങൾ അൺ സെർവ്ഡ്, അണ്ടർ സേർവ്ഡ് വിമാനത്താവളമല്ലാത്തതിനാലും,​ എയർപോർട്ട് അതോറി​റ്റി ഒഫ് ഇന്ത്യ ലാന്റിംഗ് ഫീസിലും പാർക്കിംഗ് ഫീസിലും ഇളവു വരുത്തി ഈ ആവശ്യം ഉന്നയിക്കാത്തതിനാലുമാണ് അവയെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്താനാകാത്തതെന്ന് മുഖ്യമന്ത്റി മറുപടി പറഞ്ഞു.

കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിനും നടത്തിപ്പിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. സംസ്ഥാനത്തെ ഹജ്ജ് തീർത്ഥാടകരുടെ പ്രധാന യാത്രാകേന്ദ്രമെന്ന നിലയിൽ കരിപ്പൂരിന് വലിയ സാധ്യതകളാണ് ഉള്ളത്. എന്നാൽ വികസനത്തിനു വേണ്ട പിന്തുണയും സഹകരണവും കേന്ദ്രം നൽകുന്നില്ല. ന്നും മുഖ്യമന്ത്റി അടിയന്തര പ്രമേയത്തിനുള്ള മറുപടിയിൽ പറഞ്ഞു.