തിരുവനന്തപുരം : നവകേരള നിർമ്മിതിക്കുള്ള ആസൂത്രിത ചുവടുവയ്പാണ് ബഡ്‌ജറ്റെന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ബഡ്‌ജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തത്തെ അതിജീവിക്കാനുള്ള ചുവടുവയ്പാണിത്. ജനത്തിന്റെ നെഞ്ചിൽ തറയ്‌ക്കുന്ന തേൻപുരട്ടിയ അമ്പാണ് കേന്ദ്രത്തിന്റെ ബഡ്‌ജറ്റ്.
യു.ഡി.എഫിന് ബഡ്‌ജറ്റ് ചക്കരക്കുടമാണ്. കടക്കെണിയിലായ കർഷകന് ഒരു ബാങ്കും പുതിയ വായ്പ നൽകില്ല. വരുമാനം കേന്ദ്രത്തിനും പദ്ധതി നടത്തിപ്പിന്റെ ബാദ്ധ്യത കേരളത്തിനുമെന്നതാണ് കേന്ദ്ര സമീപനം. ഭൂപരിഷ്‌കരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് ആധുനിക കൃഷിരീതിയും സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തണമെന്നും അച്യുതാനന്ദൻ പറഞ്ഞു. വി. ജോയി, എ.എം. ആരീഫ്, കെ.ജെ. മാക്സി, പി. ഉണ്ണി, എ.എൻ. ഷംസീർ, സി.കെ. നാണു , ഇ.എസ്. ബിജിമോൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.