തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്നു പ്രശസ്‌തമായ ആറ്റുകാൽ ഭഗവതീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് 12ന് തുടക്കമാകും. ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല 20നാണ്. 40 ലക്ഷത്തോളം വനിതകൾ ഇത്തവണ പൊങ്കാലയിടാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി കെ.ശിശുപാലൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

12ന് വെെകിട്ട് 6.30ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവഹിക്കും. ചടങ്ങിൽ പാലിയം ഇന്ത്യ സ്ഥാപക ചെയർമാൻ എം.ആർ രാജഗോപാലിന് ആറ്റുകാൽ അംബാ പുരസ്കാരം നൽകി ആദരിക്കും. അംബ,അംബിക, അംബാലിക എന്നിങ്ങനെ മൂന്നു സ്റ്റേജുകളിലായാണ് കലാപരിപാടികൾ.

കൂടുതൽ പേർക്ക് പൊങ്കാല അർപ്പിക്കാൻ സൗകര്യമൊരുക്കുന്നതിന് ക്ഷേത്രത്തിന് മുൻവശത്തുണ്ടായിരുന്ന പഴയ വെടിപ്പുര മാറ്റി സ്ഥാപിച്ചിട്ടുണ്ട്. സമീപ മേഖലകളിലെ റോഡുകളുടെ നവീകരണവും ഡ്രെയിനേജ് പൈപ്പുകൾ വൃത്തിയാക്കുന്ന ജോലിയും കിള്ളിയാർ ശുചീകരണവും അതിവേഗം നടക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. പൊങ്കാലയ്ക്ക് എത്തുന്നവർ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശം മുഴുവൻ സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിൽ ആയിരിക്കും.

20ന് രാവിലെ 10.15മുതലാണ് പൊങ്കാല അർപ്പിക്കൽ ആരംഭിക്കുക. ഉച്ചയ്ക്ക് 2.15-ഓടെ പൊങ്കാല നിവേദിക്കും. രാത്രി 11.15 മുതൽ ആറ്റുകാൽ ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പ്. 21നു രാത്രിയിലെ കുരുതി തർപ്പണത്തോടെ പത്തു ദിവസത്തെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും. പഴയിടം മോഹനൻ നമ്പൂതിരിയും സംഘവുമാണ് അന്നദാനപ്പുരയുടെ ചുമതലയിൽ. ഉത്സവ നടത്തിപ്പിനായി ആർ.രവീന്ദ്രൻ നായർ ജനറൽ കൺവീനറായി 115 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഷേത്രം ട്രസ്റ്റ് ചെയർമാൻ കെ.ശശിധരൻ നായർ, പ്രസിഡന്റ് വി.ചന്ദ്രശേഖരപിള്ള, ട്രഷറർ വി.അയ്യപ്പൻ നായർ, വി.ശോഭ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പൊങ്കാലയ്ക്ക് വരുമ്പോൾ

അടുപ്പുകൾക്കായി പച്ചക്കട്ടകൾ ഉപയോഗിക്കരുത്.

 പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം

 പൊതുവഴിയിലും നടപ്പാതയിലും പൊങ്കാല ഇടരുത്.

 പൊങ്കാല അർപ്പിക്കുന്നവർ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.

 സ്ത്രീകളും കുട്ടികളും സ്വർണ്ണാഭരണങ്ങൾ ഒഴിവാക്കുക.