1

പൂവാർ: പൂവാറിൽ കെ.എസ്.ആർ.ടി.സിക്കായി പുതിയ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് മന്ദിരം നിർമ്മിക്കുന്നു. എം. വിൻസെന്റ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്. കൂടാതെ ചുറ്റുമതിലും ഓട നിർമ്മാണവും ഇതോടൊപ്പം നടത്തും. പുതിയ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് മന്ദിരം പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഏറെ ഉപകാരപ്രഥമാകും. പുതിയ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണം ആരംഭിക്കാനിരിക്കേ നിലവിൽ കെ.എസ്.ആർ.ടി.സി പൂവാർ ഡിപ്പോ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കണ്ടക്ടർമാരുടെ ക്ഷാമമാണെന്ന് എ.ടി.ഒ എസ്. മുഹമ്മദ് ബഷീർ പറയുന്നു. എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടപ്പോൾ 46 പേരെയാണ് ഡിപ്പോയ്ക്ക് നഷ്ടപ്പെട്ടത്. ഇവരിൽ ബഹുഭൂരിപക്ഷം കണ്ടക്ടർമാരും ഷെഡ്യൂൾ ഡ്യൂട്ടിക്കാരായിരുന്നു. പകരം കണ്ടക്ടർമാരെ കിട്ടാത്തതിനാൽ ആ സർവീസുകളെല്ലാം നിർത്തിവെക്കേണ്ടി വന്നിരിക്കുകയാണ്. സിങ്കിൾ ഡ്യൂട്ടി പരിഷ്ക്കാരത്തിനു ശേഷം 103 സർവീസുകളാണ് നിലവിലുണ്ടായിരുന്നത്. എന്നാലിപ്പോൾ സർവീസുകൾ പലതും നിർത്തലാക്കേണ്ടിവന്നതിനാൽ ജനങ്ങളുടെ ഭാഗത്തുനിന്നും വൻ പ്രതിഷേധങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. വിദ്യാർത്ഥികളും കഴിഞ്ഞ ദിവസങ്ങളിൽ ഡിപ്പോയ്ക്ക് മുന്നിൽ സമരം നടത്തിയിരുന്നു.

സമാന്തര സർവ്വീസുകാരുടെ കൊയ്ത്തുകാലമാണ് നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. നിർത്തലാക്കിയ സർവ്വീസുകൾ എത്രയും വേഗം പുന:സ്ഥാപിച്ച് തീരദേശത്തിന്റെ യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.