മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്.ചന്ദ്രൻനായർക്കെതിരെ കോൺഗ്രസ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പിയുടെ പിന്തുണയോടെ പാസായി. പ്രസിഡന്റ് പുറത്ത്. ഇടതു പിന്തുണയോടെ ഭരിച്ചിരുന്ന ലോക് താന്ത്രിക് ജനതാദൾ പാർട്ടിയുടെ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരായ അവിശ്വാസത്തിൽ സ്വന്തം പാർട്ടിക്കാരനായ വൈസ് പ്രസിഡന്റ് സരോജിനി അമ്മയും കോൺഗ്രസിനോട് ചേരുകയായിരുന്നു. സംസ്ഥാനത്ത് ലോക് താന്ത്രിക് പാർട്ടിയുടെ ഏക പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു എസ്. ചന്ദ്രൻനായർ. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരായ എൽ.ഡി.എഫ് സർക്കാരിന്റെ നടപടി വിഷയമാക്കിയാണ് കോൺഗ്രസ് അവിശ്വാസം നൽകിയത്.

ഇരുപതംഗ ഭരണസമിതിയിൽ കോൺഗ്രസ്‌ 8, സി.പി.എം 8, ബി.ജെ.പി 2, എൽ.ജെ.ഡി 2 എന്നിങ്ങനെയാണ് കക്ഷിനില.

സി.പി.എമ്മിന്റെ 8 അംഗങ്ങളും ചർച്ചയിൽനിന്ന് വിട്ടുനിന്നു. മലയിൻകീഴ് പഞ്ചായത്തിൽ ഇടതുഭരണം അവസാനിപ്പിക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും ശബരിമല സംഭവങ്ങളിൽ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച പഞ്ചായത്തിന്റെ നടപടിയിലുള്ള പ്രതിഷേധം കൂടിയാണ് അവിശ്വാസത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും പാർട്ടി കാട്ടാക്കട നിയോജക മണ്ഡലം ഭാരവാഹികളായ ഒ.രാജശേഖരൻ, ജി.സന്തോഷ്, സി.എസ്. അനിൽ, ടി.പി.വിശാഖ് എന്നിവർ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യവട്ടം നറുക്കെടുപ്പിലൂടെയും രണ്ടാമത് അവിശ്വാസപ്രമേയം പരാജപ്പെടുത്തിയുമാണ് എസ്. ചന്ദ്രൻനായർ പ്രസിഡന്റായത്. രണ്ടാഴ്ച കഴിഞ്ഞ് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പുതിയ പ്രസിഡന്റ് സ്ഥാനാർത്ഥിയെ നിശ്ചയിക്കും. കോൺഗ്രസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മഞ്ചാടി വാർഡ് അംഗം രാധാകൃഷ്ണൻനായരായിരിക്കും മത്സരിക്കുക.