വാഷിംഗ്ടൺ:മോഷ്ടിക്കുന്നതിനിടെ കള്ളന്മാർക്ക് അബദ്ധങ്ങൾ പറ്റാറുണ്ട്. അതൊക്കെ വാർത്തയാവാറുമുണ്ട്. മോഷ്ടിച്ച കൂറ്റൻ ടെലിവിഷൻ സെറ്റ് വാഹനത്തിൽ കയറ്റാൻ കഴിയാതെ പരാജയപ്പെട്ട കള്ളന്മാർ അത് തിരികെ വീട്ടിൽ കൊണ്ടുവയ്ക്കുന്നതിന്റെ രണ്ടുമിനിട്ട് ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സൂപ്പർഹിറ്റ്. ടെക്സാസിലാണ് സംഭവം നടന്നത്. മോഷ്ടിച്ച വാഹനവുമായാണ് കള്ളന്മാർ എത്തിയത്. ഒരു വലിയ വീട്ടിനുസമീപം വാഹനം നിറുത്തിയ ഇവർ നേരേ വീട്ടിനുള്ളിലേക്ക് പോയി. അല്പംകഴിഞ്ഞ് ഒരുകൂറ്റൻ ടെലിവിഷൻ സെറ്റുമായി മടങ്ങിയത്തി. വാഹനത്തിൽ ടെലിവിഷൻ സെറ്റ് കയറ്റാൻ നോക്കിയെങ്കിലും രക്ഷയില്ല. പണിപതിനെട്ടും നോക്കിയിട്ടും വിജയിച്ചില്ല. നിരാശരായ കള്ളന്മാർ ടി.വിയുമായി വീട്ടിനുള്ളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പിന്നെ കാണുന്നത്. വീട്ടിനുള്ളിൽ നേരത്തേയിരുന്ന സ്ഥലത്ത് ടെലിവിഷൻ വച്ചശേഷം അവർ വന്നപോലെ മടങ്ങി.
പൊലീസാണ് മോഷണദൃശ്യങ്ങൾ പുറത്തുവിട്ടത്. വീഡിയോയിൽ കാണുന്നവരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മോഷ്ടാക്കളുടെ മുഖം വ്യക്തമാണ്. സ്ഥിരം മോഷ്ടാക്കളല്ല ഇവരെന്നാണ് പൊലീസ് പറയുന്നത്. ഇവരെക്കുറിച്ച് ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
കുറച്ചുനാൾ മുമ്പ് കൂറ്റൻ ടെലിവിഷൻസെറ്റ് പെടാപ്പാടുപെട്ട് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്ന കള്ളന്മാരുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.