കേസ് അന്വേഷണത്തിനെത്തിയ സി.ബി.ഐ സംഘത്തെ പൊലീസിനെക്കൊണ്ട് പിടിപ്പിച്ച് 'മിടുക്കു" കാണിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കൈയടിച്ച് അഭിനന്ദിക്കാൻ രാഷ്ട്രീയ അനുയായികളും പുതിയ ചാർച്ചക്കാരും ധാരാളമുണ്ടെങ്കിലും ഫെഡറൽ ഭരണ സംവിധാനത്തിന് അശേഷം നിരക്കാത്ത നടപടിയായേ വിവേകമതികൾ ഇൗ സംഭവത്തെ വിലയിരുത്തുകയുള്ളൂ. പതിനായിരം കോടി രൂപയുടെ ശാരദ -റോസ് വാലി ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ സംഘം കൊൽക്കത്തയിലെത്തിയത്. നേരത്തെ ഇൗ കേസ് അന്വേഷിച്ച കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയതായിരുന്നു സംഘം. കേസിലെ ചില സുപ്രധാന തെളിവുകളുമായി ബന്ധപ്പെട്ട രേഖകൾ കാണാതായ പശ്ചാത്തലത്തിലാണ് കമ്മിഷണറിൽനിന്ന് നേരിട്ട് തെളിവ് ശേഖരിക്കാൻ സി.ബി.ഐ തുനിഞ്ഞത്. ഹാജരാകണമെന്ന് കാണിച്ച് സി.ബി.ഐ പലവട്ടം കമ്മിഷണർക്ക് നോട്ടീസ് അയച്ചിരുന്നു. ഫലം കാണാതെ വന്നപ്പോഴാണ് ഡൽഹിയിൽനിന്ന് സി.ബി.ഐ സംഘം എത്തിയത്. എന്നാൽ കമ്മിഷണറുടെ വസതിയിൽ കടക്കുന്നതിൽനിന്ന് സംസ്ഥാന പൊലീസ് സി.ബി.ഐ സംഘത്തെ തടഞ്ഞെന്നുമാത്രമല്ല കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സി.ബി.ഐയുടെ കൊൽക്കത്താ ഒാഫീസും സംസ്ഥാന പൊലീസുകാർ ഉപരോധിച്ചു. ഡൽഹിയിൽനിന്നുള്ള നിർദ്ദേശത്തെത്തുടർന്ന് കേന്ദ്ര സേന രംഗത്തെത്തിയതോടെയാണ് സി.ബി.ഐ ആസ്ഥാനം വളഞ്ഞ പൊലീസുകാർ പിൻവാങ്ങിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത സി.ബി.ഐ സംഘത്തെ രാത്രിയോടെ വിട്ടയയ്ക്കുകയും ചെയ്തു.
അതീവ ഗുരുതരവും രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്നതുമായ സംഭവ പരമ്പരകളാണ് കൊൽക്കത്തയിൽ അരങ്ങേറിയത്. നഗരം ഞായറാഴ്ച സംഘർഷ സ്ഥിതിയിലായിരുന്നു. ബംഗാളിനെ തകർക്കാൻ മോദി സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് രംഗത്തിറങ്ങിയതോടെ അവരുടെ പാർട്ടിക്കാരും എന്തിനും തയ്യാറായി അണിനിരന്നത് ഉദ്വേഗജനകമായ രംഗങ്ങളാണ് സൃഷ്ടിച്ചത്. ഭരണഘടന സംരക്ഷിക്കണമെന്ന ആവശ്യം ഉയർത്തി നഗരത്തിൽ മമത രാത്രിയാകുവോളം ധർണയും നടത്തി. ഭരണഘടന സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച മമത തന്നെ ഭരണഘടനാ സ്ഥാപനങ്ങളിലൊന്നായ സി.ബി.ഐയെ സ്വന്തം പൊലീസിനെ ഉപയോഗിച്ച് പൂട്ടിക്കെട്ടിയതിലെ വിരോധാഭാസമാണ് രാഷ്ട്രീയതിമിര് ബാധിച്ചിട്ടില്ലാത്ത വിവേകമതികൾക്ക് മനസിലാകാത്തത്. ഒൗദ്യോഗിക ചുമതലകളുടെ ഭാഗമായി അന്വേഷണത്തിനെത്തിയ സി.ബി.ഐ സംഘത്തെ തടസ്സപ്പെടുത്തുകമാത്രമല്ല, അവരെ പൊലീസിനെ വിട്ട് കസ്റ്റഡിയിലെടുപ്പിക്കുക എന്ന നിയമത്തിന് നിരക്കാത്ത അധാർമ്മിക പ്രവൃത്തിക്കും മുതിർന്ന് എന്നതാണ് ഏറ്റവും ഗർഹണീയമായ കാര്യം. ചിട്ടി തട്ടിപ്പിൽ മമതയ്ക്കും അവരുടെ പാർട്ടിയിൽപ്പെട്ട നിരവധി പ്രമുഖർക്കും പ്രത്യക്ഷമായും പരോക്ഷമായും ഉള്ള ബന്ധം നേരത്തെതന്നെ പുറത്തുവന്നിട്ടുള്ളതാണ്. ഞായറാഴ്ചത്തെ നാടകീയ സംഭവ പരമ്പരകൂടിയായപ്പോൾ സംശയങ്ങൾ ഒന്നുകൂടി ബലപ്പെടുകയാണ് ചെയ്തത്. തട്ടിപ്പിന്റെ തെളിവുകളുമായി ബന്ധപ്പെട്ട രേഖകളിൽ ചിലത് കാണാതാവുന്നത് സംസ്ഥാന പൊലീസിന്റെ അന്വേഷണ തലവനിൽ നിന്നാണ്. സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാണ് സി.ബി.ഐ ഇപ്പോൾ ഇൗ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
എല്ലാം രാഷ്ട്രീയത്തിന്റെ കണ്ണിൽകൂടി മാത്രം കാണാൻ വ്യഗ്രത കാട്ടുന്ന മമതാ ബാനർജി സി.ബി.ഐ സംഘത്തെ തടഞ്ഞുവയ്ക്കാനുള്ള കല്പന പുറപ്പെടുവിച്ചതിന് പിന്നിലും വലിയൊരു രാഷ്ട്രീയക്കളിതന്നെയാണുള്ളത്. എന്നാൽ ഫെഡറൽ ഭരണ സംവിധാനം പുലരുന്ന രാജ്യത്ത് ഇത്തരം ധാർഷ്ട്യവും അഹങ്കാരവും അല്പത്തവും നിറഞ്ഞ നടപടിക്ക് ഒരു സ്ഥാനവുമില്ലെന്ന് അവർ വിസ്മരിച്ചതുപോലെ തോന്നുന്നു. കേന്ദ്രവുമായി നേരിട്ട് ഒരു ഏറ്റുമുട്ടലിന് തക്കം പാർത്തിരുന്ന ബംഗാൾ മുഖ്യമന്ത്രി നിനച്ചിരിക്കാതെ ലഭിച്ച ഒരവസരം കൗശലപൂർവം വിനിയോഗിച്ചു എന്നതാണ് ഇപ്പോഴത്തെ സംഭവത്തിലെ പ്രത്യേകത. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സി.ബി.ഐക്ക് നിയമപരമായി രാജ്യത്തെവിടെയും പോകാനും നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ചുമതലകൾ നിർവഹിക്കാനും അധികാരമുണ്ട്. ചിട്ടി തട്ടിപ്പുകേസിൽ അത് അംഗീകരിക്കാൻ മമതാ ബാനർജിക്ക് ബുദ്ധിമുട്ടു കാണുമായിരിക്കും. എന്നാൽ ബംഗാളിൽ തന്റെ രാഷ്ട്രീയ മേൽക്കോയ്മയുടെ ഉരകല്ലായി ഇൗ സംഭവത്തെ മാറ്റുകവഴി അവർ ഫെഡറൽ ഭരണ വ്യവസ്ഥയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. നാഴികയ്ക്ക് നാല്പതുവട്ടം ഭരണഘടനയെ പിടിച്ച് ആണയിടുന്ന ബംഗാൾ മുഖ്യമന്ത്രി സി.ബി.ഐ സംഘത്തോട് കാട്ടിയ ഇൗ പരാക്രമത്തിന്റെ പേരിൽ ഭരണഘടനയ്ക്ക് തന്നെ അനഭിമതയായി ഭവിച്ചിരിക്കുകയാണ്. പ്രത്യാഘാതത്തെക്കുറിച്ച് തെല്ലും ഒാർക്കാതെ വികാരാവേശത്തിൽ കാണിച്ചുകൂട്ടിയ ഇത്തരം ധിക്കാര നടപടിക്ക് ജനാധിപത്യത്തിൽ സ്ഥാനമേയില്ല. ബംഗാൾ സ്വതന്ത്ര രാജ്യമല്ലെന്നും ഇന്ത്യൻ യൂണിയന്റെ ഒരു ഭാഗം മാത്രമാണെന്നുമുള്ള ചിന്തയില്ലാതെയാണ് ഇൗ എടുത്തുചാട്ടം. ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രം മുന്നിൽകണ്ടാണ് വിശാല സഖ്യകക്ഷികൾ മര്യാദകെട്ട ഇൗ നടപടിയെ കൈയടിച്ച് അഭിനന്ദിക്കുന്നത്.
കേന്ദ്രവുമായി ഒരു രാഷ്ട്രീയ ഏറ്റുമുട്ടലിനാണ് മമത ബാനർജി ശ്രമിക്കുന്നതെന്ന് വ്യക്തം. എന്നാൽ അതിരുകടന്ന ഇൗ സാഹസികതയ്ക്ക് സുപ്രീംകോടതിയിൽ അവർ മറുപടി പറയേണ്ടിവരും. സി.ബി.ഐ പരമോന്നത കോടതിയെ സമീപിച്ചുകഴിഞ്ഞു. ഹർജി തിങ്കളാഴ്ച ഫയൽ ചെയ്തുവെങ്കിലും പരിഗണന ഇന്നത്തേക്കു മാറ്റിവച്ചിരിക്കുകയാണ്. ചിട്ടി തട്ടിപ്പുകേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾക്ക് ഒരു നാശവും വരാൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനകം കാണാതായ സുപ്രധാന രേഖകൾ സംബന്ധിച്ച് നിശ്ചയമായും സംസ്ഥാന പൊലീസിന് കോടതിയിൽ വിശ്വസനീയമായ സമാധാനം പറയേണ്ടിവരും. രാഷ്ട്രീയം കൂടുതൽ കൂടുതൽ അഴിമതി ജടിലമാകുമ്പോൾ അത് മറച്ചുപിടിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ അസാധാരണ വഴികൾ തേടിപ്പോകുന്നതിൽ അത്ഭുതമൊന്നുമില്ല. നിയമവാഴ്ചയ്ക്ക് നിരക്കാത്തതാണ് ഞായറാഴ്ച കൊൽക്കത്തയിൽ പൊലീസ് കമ്മിഷണറുടെ വസതിയിലും സി.ബി.ഐ ആസ്ഥാനത്തും അരങ്ങേറിയ പൊലീസ് പേക്കൂത്ത്.