തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയൊരു ചെയർമാനെ നിയമിക്കാൻ സർക്കാർ തീരുമാനം. ടോമിൻ ജെ. തച്ചങ്കരി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. എന്നാൽ അദ്ദേഹത്തെ മാറ്റി പുതിയതായി നിയോഗിച്ച എം.പി. ദിനേശിന് എം.ഡി സ്ഥാനം മാത്രമേ നൽകുകയുള്ളൂ. ഇന്നലെ ഗതാഗതമന്ത്രി അനുവദിച്ച സർക്കാർ ഉത്തരവിൽ എം.ഡിയായിട്ടാണ് ദിനേശിനെ നിയമിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.
ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് എം.പി.ദിനേശ്. കോർപറേഷന്റെ ബോർഡിൽ ഐ.എ.എസ്, ഐ.ആർ.എസ് റാങ്കിലുള്ളവരുണ്ട്. ബോർഡ് യോഗം കൂടുമ്പോൾ അദ്ധ്യക്ഷത വഹിക്കേണ്ടത് ചെയർമാനാണ്. ഇതുവരെയുള്ള സി.എം.ഡിമാർ ഐ.എ.എസ്, ഐ.പി.എസ് റാങ്കിൽ കുറയാത്തവരായിരുന്നു. എന്നാൽ അഡിഷണൽ സെക്രട്ടറിക്കു തുല്യമായ ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് ബോർഡ് യോഗത്തിൽ അദ്ധ്യക്ഷനാകാൻ കഴിയില്ല. അതുകൊണ്ടാണ് മറ്റൊരാളെ ചെയർമാനാക്കാൻ ആലോചിക്കുന്നത്.
16 അംഗ ബോർഡിൽ സർക്കാർ പ്രതിനിധികളിൽ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയായ കെ.ആർ.ജ്യോതിലാലിനാകും ചെയർമാൻ സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുക. അല്ലെങ്കിൽ ഐ.ആർ.എസ്. റാങ്കുള്ള കെ.ടി.ഡി.എഫ്.സി എം.ഡി രാഹുലിനെ പരിഗണിക്കും. ധനകാര്യ വകുപ്പ് എക്സിപെൻഡിച്ചർ സെക്രട്ടറി ബോർഡ് അംഗമാണ്. ഈ പദവി ഒഴിഞ്ഞു കിടക്കുകയാണ്. ഇതിലേക്ക് ഒരു ഐ.എ.എസുകാരനെ നിയോഗിച്ച് ചെയർമാനാക്കുക എന്ന സാദ്ധ്യത കൂടി ഉണ്ട്.
പുതിയ എം.ഡി നാലു മാസത്തേക്കോ?
എം.പി.ദിനേശിന്റെ ഔദ്യോഗിക കാലാവധി മേയ് 31ന് അവസാനിക്കും. ഇത്രയും കുറഞ്ഞ നാളിലേക്ക് ഒരാളെ എം.ഡിയാക്കിയത് കോർപറേഷന് ദോഷമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ആറു മാസം കൂടി സേവന കാലാവധി നീട്ടിക്കൊടുത്താലും ശക്തമായ തീരുമാനങ്ങളുമായി എം.ഡിക്കു മുന്നോട്ടു പോകുമെന്ന് കോർപറേഷന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്ന ആരും പറയില്ല.
കൊച്ചി സിറ്റി പൊലീസ് കമ്മഷണർ സ്ഥാനം ഇന്നലെയാണ് അദ്ദേഹം ഒഴിഞ്ഞത്. ഇന്നോ നാളെയോ അദ്ദേഹം ട്രാൻസ്‌പോർട്ട് ആസ്ഥാനത്ത് എത്തി ചുമതലയേൽക്കും.