ആറ്റിങ്ങൽ: ട്രാഫിക് ബോധവത്ക്കരണ വാരാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണവും പരിശോധനയും ശക്തമാക്കി. തിങ്കളാഴ്ച മുതൽ ആരംഭിച്ച ബോധവത്കരണ വാരാചരണം 10 വരെ തുടരും. ആറ്റിങ്ങൽ ട്രാഫിക് എസ്.ഐ ഡി. ജയേന്ദ്രൻ ഹെഡ് കോൺസ്റ്റബിൾ ഷൈജു എന്നിവരുടെ നേതൃത്വത്തിൽ ഇടറോഡുകളിലാണ് പരിശോധന ശക്തമാക്കിയത്. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. ഹെൽമറ്റ് ഉണ്ടായിട്ടും ധരിക്കാത്തവർക്കെതിരേ പിഴചുമത്തുകയും ട്രാഫിക് ബോധവത്കരണ ലഘുലേഖ നൽകുകയും ചെയ്തു.വരും ദിവസങ്ങളിൽ ഇത്തരം പരിശോധനകൾ ശക്തമാക്കാനും പിഴ ഈടാക്കാനുമാണ് തീരുമാനം.