kla

ഫ്ലക്സിന്റെ രൂപത്തിൽ തെങ്ങിന്റെ മണ്ടയിലിരുന്ന് നിറഞ്ഞ് ചിരിക്കുന്ന എം.എൽ.എമാരുടെ ചിത്രം വികസനത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവായി എ.എൻ. ഷംസീർ കണ്ടു. അതിലദ്ദേഹം അങ്ങേയറ്റം പുളകിതനാണ്. സർക്കാരിനെപ്പറ്റി ഒരു കുറ്റവും പറയാനില്ലാത്തതുകൊണ്ട് പ്രതിപക്ഷം റിയാലിറ്റിഷോയിലെ ജൂറിമാരെ പോലെ പെരുമാറുകയാണെന്നാണ് ഷംസീറിന്റെ പക്ഷം. നല്ല പാട്ട് പാടിയാലും 'ആ വരി അല്പം കുട്ടണേരുന്നു, ഈ വരി അല്പം കുറയ്ക്കണേരുന്നു' എന്നെല്ലാമാണ് ജൂറിമാർ പറയാറ് പോലും. പ്രളയകാലത്തെ മുഖ്യമന്ത്രിയുടെ സായാഹ്നപത്രസമ്മേളനങ്ങൾ ജനങ്ങൾ ടി.വി സീരിയൽ പോലെ ആസ്വദിച്ചതായും ഷംസീർ വിലയിരുത്തിയിട്ടുണ്ട്.

സീരിയൽ- റിയാലിറ്റിഷോ ഭ്രമം നവ ബുദ്ധിജീവി ലക്ഷണമായി കുറഞ്ഞപക്ഷം ഷംസീറിനെ വച്ചിട്ടെങ്കിലും വിലയിരുത്താവുന്നതാണ്.

നാട് മുഴുവൻ പൊതുമരാമത്ത് റോഡിന്റെ വികസനമായത് കാരണം ഫ്ലക്സ് കടക്കാർ പുതിയൊരു ഉപാധി സർക്കാരിന് മുന്നിൽ വച്ചിരിക്കുകയാണെന്ന് വി. ജോയി വെളിപ്പെടുത്തി. മന്ത്രി ജി. സുധാകരന്റെ നിറഞ്ഞുചിരിക്കുന്ന നല്ലൊരു പടമാണ് കടയുടമകളുടെ ആവശ്യമത്രെ. സർക്കാർ വകയായുണ്ടായ നേട്ടത്തെ സ്വന്തം നാട്ടിൽ അവരവരുടെ നേട്ടമാക്കി ഫ്ലക്സാഘോഷം നടത്തുന്ന പ്രതിപക്ഷ എം.എൽ.എമാരുണ്ടെന്നാണ് പി. ഉണ്ണിയുടെ കണ്ടെത്തൽ. അട്ടപ്പാടിയിൽ മന്ത്രി എ.കെ. ബാലനോടൊപ്പം ചെന്നപ്പോൾ നിറഞ്ഞ് ചിരിക്കുന്ന എം.എൽ.എ എൻ. ഷംസുദ്ദീന്റെ ഫ്ലക്സ് കണ്ടാണ് ഉണ്ണി ഇത് സ്ഥിരീകരിച്ചത്!

ചർച്ച തന്നെ ചർച്ച എന്നായി സഭയുടെ ഇന്നലത്തെ അവസ്ഥ. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച അടുത്ത സാമ്പത്തികവർഷത്തേക്കുള്ള പുതിയ ബഡ്ജറ്റിന്മേലുള്ള ചർച്ചയ്ക്ക് 180 മിനിറ്റ്. നടപ്പ് സാമ്പത്തികവർഷത്തെ ബഡ്ജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർത്ഥനകളെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറ്റൊരു 180 മിനിറ്റ്. രണ്ടും ചേർത്ത് ആറ് മണിക്കൂർ! ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ട് ശബരിമല വരെ സഭയിൽ നിറഞ്ഞാടിയെന്ന് പറഞ്ഞാൽ മതി! നവോത്ഥാനചരിത്രത്തിൽ ഗുരുദേവനെയും കുമാരനാശാനെയും വാനോളം പുകഴ്ത്തുന്നതിൽ അടൂർ പ്രകാശ് കണ്ടത് ഇന്നലെകളിൽ ചെയ്ത നെറികേടുകൾ മറച്ചുപിടിക്കാനുള്ള കമ്മ്യൂണിസ്റ്റ് കാപട്യം. പത്രാധിപർ കെ. സുകുമാരൻ കുളത്തൂർ പ്രസംഗത്തിൽ ഓർമ്മിപ്പിച്ച സി.പി.എമ്മിന്റെ പിന്നാക്ക വിദ്വേഷപാരമ്പര്യമാണ് കെ.എ.എസിലും ആദ്യം ഈ സർക്കാർ കൈക്കൊണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

യു.ഡി.എഫിന് ഐസകിന്റെ ബഡ്ജറ്റ് ഒട്ടും പിടികിട്ടിയിട്ടില്ലെന്ന് മനസിലാക്കാൻ വി.എസ്. അച്യുതാനന്ദന് അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. ബാർകോഴ സംഘടിപ്പിക്കുന്നത് പോലുള്ള സ്വാർത്ഥമോഹങ്ങളുമായി നടക്കുന്നവർക്ക് നവകേരളനിർമ്മാണം പോലുള്ള കാര്യങ്ങൾ മനസിലാവാൻ പ്രയാസമാണെന്നാണ് അദ്ദേഹത്തിന്റെ ബോദ്ധ്യം. മലബാർ കോഫിക്ക് മുമ്പില്ലാത്ത രുചി ഇനിയുണ്ടാവുമെന്ന് വയനാടൻ കാപ്പിക്ക് മലബാർ ബ്രാൻഡ് നൽകിയതോടെ ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിചാരിക്കുന്നു. പേരിന് നായാട്ട്, വീട്ടിലെ കറിക്ക് മുരിങ്ങാക്കായ എന്ന മട്ടാണ് ഐസകിന്റെ ബഡ്ജറ്റ് കണ്ടിട്ട് മഞ്ഞളാംകുഴി അലിക്ക് തോന്നിയത്.

പല മാന്യന്മാരുടെയും ബഡ്ജറ്റ് കേട്ടിട്ടുള്ള പി.സി. ജോർജിന് അതൊക്കെ വച്ച് നോക്കുമ്പോൾ ഐസക്കിന്റേത് നല്ല ബഡ്ജറ്റാണ്. ജോർജ്ജ് ഉദ്ദേശിച്ച മാന്യർ ആരായാലും ശരി, കെ.എം. മാണി അന്നേരം സഭയിലില്ലാതിരുന്നത് ഭാഗ്യമായി!

രാഹുൽഗാന്ധി മണ്ടത്തരം പറഞ്ഞത് പരിഭാഷപ്പെടുത്താൻ വയ്യാത്തതിനാലാണ് ഏതോ സിനിമയിലെ കമ്പിളിപ്പുതപ്പ് കഥ പോലെ കേൾക്കുന്നില്ലേ, കേൾക്കുന്നില്ലേ എന്ന് വി.ഡി. സതീശൻ വിലപിച്ചത് എന്നാണ് എ.എം. ആരിഫിന്റെ പരിഹാസം. കഴിഞ്ഞ ദിവസം അനുവദിക്കപ്പെട്ട 9ൽ ആറ് മിനിറ്റും സി. ദിവാകരൻ അപഹരിച്ചതിന് പകരം ഇന്നലെ 22 മിനിറ്റ് ഇ.എസ്. ബിജിമോൾക്ക് കൊടുത്താണ് സി.പി.ഐക്കാർ ലിംഗനീതി കാട്ടിയത്! കുറ്റവും കുറവും കുറേയുണ്ടെങ്കിലും പല നല്ല കാര്യങ്ങളും ഐസക്കിന്റെ ബഡ്ജറ്റിൽ ദർശിച്ച പി.ജെ. ജോസഫ് എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്തില്ല.