തിരുവനന്തപുരം: അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പറഞ്ഞുകൊണ്ട്, സുപ്രധാനകേസുകളിൽ സി.ബി.ഐക്കായി വാതിൽ തുറന്നിടുകയാണ് സംസ്ഥാന സർക്കാർ. രണ്ടു ഡസനിലേറെ കേസുകളാണ് കേരളത്തിൽ സി.ബി.ഐ അന്വേഷിക്കുന്നത്. കണ്ണൂരിലെ കേസുകൾ കടുപ്പിച്ചപ്പോൾ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുകയും പിന്നീട് ക്യാമ്പ് ഓഫീസാക്കാൻ റസ്റ്റ്ഹൗസുകൾ നൽകാതെയുമുള്ള 'സമ്മർദ്ദ തന്ത്രങ്ങൾ' മാറ്റിവച്ച് സി.ബി.ഐയെ അംഗീകരിക്കുകയാണ് പുതിയനയം. ''സി.ബി.ഐ അന്വേഷണത്തെ തടസപ്പെടുത്താൻ സംസ്ഥാനത്തിന് കഴിയില്ല, എല്ലാ സൗകര്യവും അവർക്ക് നൽകും. ഇതാണ് സർക്കാർ നയം''- മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ 'കേരളകൗമുദി'യോട് പറഞ്ഞു.
ബംഗാൾമോഡലിൽ നിയമവിരുദ്ധമായ ഒരു ഇടപെടലിനും സർക്കാർ തയ്യാറല്ല. അന്വേഷണത്തിൽ കുഴപ്പങ്ങളുണ്ടെങ്കിൽ അക്കാര്യം പരസ്യമായി പറയും. വ്യക്തികൾക്ക് സി.ബി.ഐക്കെതിരെ കോടതിയിൽ പോകാം. സർക്കാർ പോവില്ല. ഏതെങ്കിലും കേസുകളിൽ അന്വേഷണത്തിന് സി.ബി.ഐ അനുമതി ആവശ്യപ്പെട്ടാൽ നൽകും. ഏതെങ്കിലും ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനെത്തിയാൽ സി.ബി.ഐയെ തടയാനില്ല. അത് ഫെഡറൽ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് -എം.വി. ജയരാജൻ വിശദീകരിച്ചു.
സി.ബി.ഐക്ക് റസ്റ്റ്ഹൗസുകളിൽ ക്യാമ്പ് ഓഫീസ് തുറക്കാനും താമസിക്കാനും വാടകയീടാക്കേണ്ടെന്ന് 2014 ആഗസ്റ്റിൽ യു.ഡി.എഫ് സർക്കാർ ഇറക്കിയ ഉത്തരവ് എൽ.ഡി.എഫ് സർക്കാർ റദ്ദാക്കിയിരുന്നു. എറണാകുളം പി.ഡബ്ളിയു.ഡി റസ്റ്റ്ഹൗസിൽ വാടകക്കുടിശിക വരുത്തിയതിന് സി.ബി.ഐ എസ്.പിയെ പ്രതിയാക്കി മൂവാറ്റുപുഴ കോടതിയിൽ വിജിലൻസ് എഫ്.ഐ.ആർ ഫയൽ ചെയ്തു. തലശേരി, വടകര, കൊല്ലം റസ്റ്റ്ഹൗസുകളിലെ മുറിവാടകയിനത്തിൽ 9.49 ലക്ഷം ഈടാക്കണമെന്ന് വിജിലൻസ് സ്പെഷ്യൽസെൽ ഡിവൈ.എസ്.പി ടി. ബിജിജോർജ് ശുപാർശ ചെയ്തു. പണം സി.ബി.ഐ ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചുപിടിക്കാൻ പൊതുമരാമത്ത് മന്ത്രി ഉത്തരവിട്ടു. ഒടുവിൽ പൊതുമരാമത്ത് നിർദ്ദേശം മരവിപ്പിച്ച്, സി.ബി.ഐ ഉദ്യോഗസ്ഥർക്ക് റസ്റ്റ്ഹൗസുകളിൽ സൗജന്യമായി താമസിക്കാമെന്ന് മുഖ്യമന്ത്രി ഉത്തരവിറക്കുകയായിരുന്നു.