വേലി വിളവ് തിന്നാൽ ? പൊലീസ് കുറ്റവാളിയായാൽ ? ഫലം സർവനാശം! ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കെ.എസ്.ആർ.ടി.സി! ജീവനക്കാരും ഭരണീയരും ചേർന്ന് ഒരു സ്ഥാപനത്തെ എങ്ങനെ മുച്ചൂടും നശിപ്പിക്കാം എന്ന ഗവേഷണ പഠനത്തിന് ഇത്രമാത്രം പറ്റിയ ഒരു സാമ്പിൾ ലോകത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല.
കേരളത്തിൽ പ്രവർത്തിക്കുന്ന 97 പൊതുമേഖലാസ്ഥാപനങ്ങളിൽ ഏറ്റവും പിന്നിൽ. നഷ്ടക്കണക്കുകളിൽ ഏറ്റവും മുന്നിലും ! കഴിഞ്ഞവർഷം 2102.44 കോടിയും തലേവർഷം 1770.61 കോടിയും നഷ്ടത്തിൽ. സഞ്ചിത നഷ്ടമാകട്ടെ 9904 കോടി. കഴിഞ്ഞ വർഷം ഇത് 8031.56 കോടിയായിരുന്നു. നഷ്ടത്തിൽ നല്ല വളർച്ചാനിരക്ക് തന്നെ.
മുപ്പതുവർഷം മുമ്പുള്ള ഒരോർമ്മയിലേക്ക്.
കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് കെ.എസ്.ആർ.ടി ബസിൽ വരികയായിരുന്നു. തിരുവല്ല സ്റ്റേഷൻ കഴിഞ്ഞ് പത്തു മിനിറ്റായപ്പോൾ ബസ് ഡ്രൈവർ ചവിട്ടി നിറുത്തി. സമയം രാത്രി ഏഴുമണി. പെട്ടെന്ന്, വഴിയിൽ കാത്തുനിന്ന ഭർത്താവും ഭാര്യയും ഏഴെട്ടു വയസുള്ള പെൺകുട്ടിയും ആശ്വാസത്തോടെ ബസിനടുത്തെത്തി. പക്ഷേ, കണ്ടക്ടർ ഡോർ തുറന്നില്ല. അയാൾ ഡ്രൈവറോട് തട്ടിക്കയറുകയാണ്.
''ഞാൻ ബെല്ലടിച്ചില്ലല്ലോ. പിന്നെന്തിനു നിറുത്തി? കയറ്റാൻ പറ്റില്ല."
''രാത്രിയായതുകൊണ്ടാണ് നിറുത്തിയത്. പാവങ്ങൾ. സീറ്റും കാലിയുണ്ടല്ലോ..." മനുഷ്യപ്പറ്റുള്ള ഡ്രൈവർ.
പക്ഷേ, മൂർഖനായ കണ്ടക്ടർ അമ്പിനും വില്ലിനും അടുക്കുന്നില്ല. അരമണിക്കൂറോളം തർക്കത്തിൽ പെട്ടുകിടന്നു. യാത്രക്കാർ കണ്ടക്ടറെ കൈവയ്ക്കുന്ന ഘട്ടമായപ്പോൾ, അയാൾ ഡോർ തുറന്നു. അന്ധാളിച്ചു നിന്ന കുടുംബത്തെ കയറ്റി. പിന്നെ, മുഖം കൂർപ്പിച്ച് രൗദ്രഭാവത്തിൽ കുനിഞ്ഞിരുന്നു. ഇതായിരുന്നു ട്രാൻസ്പോർട്ട് ജീവനക്കാരുടെ പൊതുവായ ശൈലി. ബസിനുള്ളിൽ ഫുട്ബോൾ കളിക്കാനിടമുണ്ടെങ്കിലും ആരെയും വഴിയിൽ നിറുത്തി കയറ്റില്ല. വർഷങ്ങൾക്ക് മുമ്പ്, ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്രക്കാരെ നിറുത്തിക്കൊണ്ടുപോകാനുള്ള ഉത്തരവിറങ്ങിയപ്പോൾ, ഇരുവിഭാഗവും സമരം ചെയ്ത ചരിത്രവും മറക്കാനാവില്ല. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് ഡബിൾ ബെല്ലടിച്ചു നീങ്ങുന്ന ബസ്, ലക്ഷ്യസ്ഥാനത്തെത്തിക്കുക എന്നുള്ള ബാദ്ധ്യതയേ ജീവനക്കാർ സ്വീകരിച്ചിരുന്നുള്ളു. ചത്താലും ചത്തില്ലേലും ശവമടക്കെന്നു പറഞ്ഞതുപോലെ, യാത്രക്കാരുണ്ടായാലും ഇല്ലേലും ലക്ഷ്യസ്ഥാനത്തെത്തിച്ച് കൈകഴുകുക.
മുഴുവൻ ജീവനക്കാരും ആത്മാർത്ഥതയില്ലാത്തവരാണെന്നാരും തെറ്റിദ്ധരിക്കേണ്ട. പക്ഷേ, മറിച്ചുള്ളവരാണധികവും. ബന്ധപ്പെട്ടവരെല്ലാവരും ചേർന്ന് ഒത്തുപിടിച്ചിട്ടാണല്ലോ നഷ്ടം പതിനായിരം കോടിയിലെത്തിച്ചിരിക്കുന്നതും!
കടലാസിൽ 6000ത്തോളം ഷെഡ്യൂൾ പ്രതിദിനം നടത്തണമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏതാണ്ടത്രയും ബസുകളും. എന്നാൽ, സർവീസ് നടത്താൻ പറ്റുന്ന നാലായിരത്തിലധികം ബസുകളില്ലെന്നുള്ളതാണ് വസ്തുത. സ്വാഭാവികമായും ഷെഡ്യൂളുകൾ ആനുപാതികമായി കുറയും. വരുമാനം കുറയും. ദോഷം പറയരുതല്ലോ, ബസും ഷെഡ്യൂളും കുറവാണെങ്കിലും 35000 ഓളം ജീവനക്കാർ സ്വാഭിമാനത്തോടെ ശമ്പളം പറ്റുന്നുണ്ട്. ഇവർ നല്ലൊരു പങ്കും ജോലി ചെയ്യാതെ മീശപിരിച്ചും മസിൽ കാട്ടിയും വിറപ്പിക്കുന്നവരാണ്.
ചുരുക്കത്തിൽ, ഡ്രൈവറായും കണ്ടക്ടറായും മെക്കാനിക്കായുമൊക്കെ ജോലി ചെയ്യാൻ മടിയുള്ളവർക്ക് പറ്റിയ ഇരിപ്പിടമാണ് അദർഡ്യൂട്ടി. എന്നു വച്ചാൽ ഡ്യൂട്ടിയേയില്ല! ഭൂമി മലയാളത്തിൽ മറ്റൊരു സ്ഥാപനത്തിനുമില്ലാത്ത മഹത്വം. ജീവനക്കാർക്കാകട്ടെ, ബസ് കഴുകുന്നതു നാണക്കേടാണ്. ലക്ഷങ്ങൾ മുടക്കി വാങ്ങുന്ന ലക്ഷ്വറി ബസുകളടക്കം ഒരു മാസം കഴിയുമ്പോഴേക്കും കണ്ടംവയ്ക്കേണ്ട സ്ഥിതിയാകാം. യാത്രക്കാർ തൊടാനറയ്ക്കും. കഴുകി വൃത്തിയാക്കാൻ ശമ്പളം പറ്റുന്നവർ അതു ചെയ്യില്ല. ചോദിക്കാനുമാളില്ല.
ആരാണിതിന്റെ യഥാർത്ഥ ഉത്തരവാദി? ഒന്നാം പ്രതി ആത്മാർത്ഥതയില്ലാത്ത ജീവനക്കാർ തന്നെ. രണ്ടാം പ്രതി മാനേജ്മെന്റും മൂന്നാം പ്രതിയെന്നല്ല, മറിച്ച് പ്രധാന പ്രതി രാഷ്ട്രീയ നേതൃത്വമാണ്. അതായത് സർക്കാർ. മാറി മാറി വരുന്ന സർക്കാരുകൾ കോർപ്പറേഷനെ കറവപ്പശുവായി ഉപയോഗിച്ചു പോന്നതിന്റെ ദുർഗതി.
ശക്തരായ ഭരണാധികാരികൾ മാനേജ്മെന്റ് സ്ഥാനത്തു വരികയും ജീവനക്കാരെ നിയന്ത്രിച്ച് സ്ഥാപനത്തെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്താൽ അവരെ രായ്ക്കുരാമാനം പറപ്പിക്കും.
അടുത്തകാലത്ത് രാജമാണിക്കം എന്ന പ്രഗത്ഭനായ ഐ.എ.എസുകാരൻ സ്ഥാപനത്തെ ഒന്നു രക്ഷിക്കാൻ ശ്രമിച്ചുനോക്കി. മുന്നോട്ടുള്ള പ്രയാണക്കാറ്റിൽ ജീവനക്കാരുടെ കോളറിലോ മറ്റോ അല്പം പൊടി പറ്റി. പിന്നീടദ്ദേഹത്തിന്റെ പൊടിപോലുമില്ല കാണാൻ! ഏതു മാണിക്യത്തെയും കരിക്കട്ടയാക്കാനുള്ള രാസപ്രവർത്തനമാണ് കോർപ്പറേഷനിൽ നടക്കുന്നത്.
പിന്നെ, കൊട്ടും കുരവയും തബലയും പാട്ടുമൊക്കെയായി മുഖ്യമന്ത്രിയുടെ മാനസപുത്രനായ ടോമിൻ തച്ചങ്കരിയെന്ന ഐ.പി.എസ് സിംഹം ട്രാൻസ്പോർട്ടിന്റെ അമരക്കാനായതോടെ വലിയ പ്രതീക്ഷയായിരുന്നു ജനങ്ങൾക്ക് . പ്രതീക്ഷയ്ക്കൊത്ത് ഉയരാനും തച്ചങ്കരിക്ക് കഴിഞ്ഞു എന്നുള്ളതും വസ്തുത. ചെലവുകൾ ചുരുക്കി, നഷ്ടത്തിലോടുന്ന ബസുകൾ നിറുത്തി, കാര്യക്ഷമത വർദ്ധിപ്പിച്ചു. സ്ഥാപനത്തിന്റെ തളർന്നുകിടന്ന അവയവങ്ങൾ ഒന്നൊന്നായി ചലിപ്പിച്ചുതുടങ്ങി. പക്ഷേ, അദ്ദേഹം ഒരിക്കലും ചെയ്തുകൂടാത്ത ഒരു കടുംകൈ പ്രയോഗം നടത്തി. ജീവനക്കാർ പണിചെയ്യണമെന്നുള്ള കയ്പേറിയ പാഠം തച്ചങ്കരി പാട്ടുപാടി അവരെ ബോദ്ധ്യപ്പെടുത്തി. മാത്രമല്ല, യൂണിയൻ നേതാക്കളെ വണ്ടി ഭരണത്തിൽ നിന്നും ഒഴിവാക്കി. എം.ഡി.യുടെ കൊടും തോന്ന്യാസം!
സ്ഥാപന മുതലാളിമാരായി വളർത്തിയിരുന്ന യൂണിയൻ നേതാക്കളുടെ തലമണ്ടയ്ക്കേറ്റ പ്രഹരം അവരെ സടകുടഞ്ഞെഴുന്നേല്പിച്ചു. തച്ചങ്കരിയെ കൈക്കൂലിയില്ലാതെ വാഴ്ത്തി താഴെവച്ച് നാടുകടത്തി. സംഘടിതശക്തി തെളിയിച്ചു. മുഖ്യമന്ത്രിക്കുപോലും ഒന്നും ചെയ്യാനായില്ല. അതാണ് തൊഴിലാളികളുടെ സംഘടിത ശക്തി. തച്ചങ്കരി പടിയിറങ്ങിയതോടെ യൂണിയൻ ഭരണം ശക്തമായി. വീണ്ടും അവർ മുതലാളിമാരായി.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബഡ്ജറ്റിൽ ആയിരം കോടി രൂപയാണ് ആനവണ്ടിയെന്ന വെള്ളാനയ്ക്കായി സംസ്ഥാന സർക്കാർ നീക്കിവച്ചിട്ടുള്ളത്. കടലിൽ കായം കലക്കുന്നതിനു തുല്യം. പാവപ്പെട്ടവനും ഒരു ഗുണവുമില്ലാത്ത സ്ഥാപനത്തിനു പ്രാണവായുവിനായി കോടിക്കണക്കിനു രൂപ ചെലവഴിച്ച് ഇങ്ങനെ ജീവൻ പിടിച്ചുനിറുത്തുന്നതിൽ ഒരർത്ഥവുമില്ല. ഇതിലും ഭേദം ദയാവധം തന്നെ. കാരണം, കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കേണ്ട കോടികളാണ് കോർപ്പറേഷന്റെ നിത്യചെലവുകൾക്കായി നൽകുന്നത്. പ്രതിദിനം ആറുകോടിയോളം രൂപ നഷ്ടത്തിൽ. ഇങ്ങനെ പോയാൽ എവിടെയെങ്കിലും സ്ഥാപനം ഇടിച്ചുനില്ക്കുമെന്നുള്ള കാര്യം കപ്പയും പുഴുക്കും ഉണക്കമീനും കഴിക്കുന്നവർക്കുപോലും മനസിലാകും. മനസിലാകാത്തത് തൊഴിലാളികൾക്കും രാഷ്ട്രീയക്കാർക്കും മാത്രം.
(ലേഖകന്റെ ഫോൺ : 9447230707)