പാലോട്: പെരിങ്ങമ്മലയിലെ നിർദ്ദിഷ്ട മാലിന്യ പ്ലാന്റ് പ്രദേശം ഇന്നലെ സന്ദർശിക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.എം.സി. ദത്തനും ജില്ലാകളക്ടർ വാസുകിയും എത്തിയില്ല. നെടുമങ്ങാട് തഹസീൽദാർക്കും പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും സന്ദർശനം മാറ്റിവച്ചതായി അറിയിപ്പ് ലഭിച്ചു. ആദിവാസികളടക്കം നിരവധിപേർ ഇന്നലെ രാവിലെ മുതൽ പഞ്ചായത്തോഫീസിനു മുന്നിലും സമരപ്പന്തലിലും തടിച്ചുകൂടിയിരുന്നു. കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ പ്ലാന്റ് വിരുദ്ധ ആക്‌ഷൻ കൗൺസിലിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇരുവരും സന്ദർശനത്തിന് സന്നദ്ധത അറിയിച്ചത്. സന്ദർശനം വൈകിയതോടെ പെരുമാതുറ കടലോരത്ത് നിന്ന് പെരിങ്ങമ്മല വരെ മൂന്ന് ദിവസം കാൽനടയായി സഞ്ചരിച്ച് ഉണർത്തുജാഥ നടത്തുകയും ഗാന്ധി രക്തസാക്ഷി ദിനത്തിൽ കൂടംകുളം സമരനായകൻ എസ്.പി ഉദയകുമാറിന്റെയും പരിസ്ഥിതി പ്രവർത്തകൻ എം.എൻ. കാരശേരിയുടെയും സാന്നിദ്ധ്യത്തിൽ പാലോട്ട് മനുഷ്യസാഗരം സൃഷ്ടിക്കുകയും ചെയ്‌തിരുന്നു.
നിർദിഷ്ട മാലിന്യപ്ലാന്റ് സംബന്ധിച്ച് ആദിവാസി നേതാക്കൾ സമർപ്പിച്ച പരാതി മനുഷ്യാവകാശ കമ്മിഷൻ തീർപ്പാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയ കമ്മിഷൻ, റിപ്പോർട്ട് പരിശോധിച്ചതിൽ നിന്ന് നിലവിൽ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തീർപ്പാക്കിയത്. ഖരമാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി വ്യാപക പ്രചാരണം നടക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിക്കുകയോ, അഭിപ്രായം തേടുകയോ ചെയ്‌തിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്. പഞ്ചായത്തിലെ തന്നെ ഇലവുപാലം ഓടുചുട്ടപടുക്ക വനത്തിൽ ആശുപത്രി മാലിന്യങ്ങൾ സംസ്‌കരിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിശ്ചയിച്ചിരുന്ന പ്ലാന്റ് സ്ഥാപിക്കൽ പദ്ധതിയുടെ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയ ആദിവാസി സേവാലയം അദ്ധ്യക്ഷനും ചാറ്റുപാട്ട് കലാകാരനുമായ ചെമ്പൻകോട് മണികണ്ഠന്റെ നേതൃത്വത്തിൽ നൽകിയ പരാതിയിലാണ് നടപടി. ഇതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചാരണ പരിപാടികളുമായി രംഗത്തിറങ്ങാൻ എൽ.ഡി.എഫ് തീരുമാനിച്ചു. ജനങ്ങളോടൊപ്പം നിൽക്കണമെന്ന അഭിപ്രായം സി.പി.എമ്മിൽ ശക്തിപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.