mobile

തിരുവനന്തപുരം: മണക്കാട് മാർക്കറ്റിൽ അളവ് തൂക്ക പരിശോധന നടത്തിയ ലീഗൽ മെട്രോളജി വനിതാ ഇൻസ്‌പെക്‌ടർ ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് യൂണിയൻകാരുടെ മർദ്ദനവും അസഭ്യവർഷവും. നെടുമങ്ങാട് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ബി.പ്രിയ,​ കാട്ടാക്കടയിലെ ഇൻസ്‌പെക്ടർ ഷാജഹാൻ,​ കൈമനം യൂണിറ്റിലെ ഇൻസ്‌പെക്ടിംഗ് അസിസ്റ്റന്റ് അബ്ദുൾ ഗഫൂർ ഖാൻ,​ ഡ്രൈവർ മുനീർഷാ എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രിയയുടെ ഇടതു കൈയ്‌ക്ക് പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റ് 15 പേർക്കെതിരെ കേസെടുത്തു. സി.ഐ.‌ടി.യുക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ലീഗൽ മെട്രോളജി- സിവിൽ സപൈ്ളസ് വകുപ്പുകൾ സംയുക്തമായി ഇന്നലെ രാവിലെ 11 മണിയോടെയാണ് മണക്കാട്ടെ കടകളിൽ പരിശോധനയ്ക്ക് എത്തിയത്. മുദ്ര പതിക്കാത്തതും കൃത്രിമം വരുത്തിയതുമായ പതിഞ്ചോളം ത്രാസുകൾ സംഘം പിടിച്ചെടുത്തതിനെ തുടർന്നാണ് യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ വളഞ്ഞിട്ടു മർദ്ദിച്ചത്.

ഇൻസ്പെ‌ക്‌ടിംഗ് അസിസ്റ്റന്റ് അബ്‌ദുൾ ഗഫൂറിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു. ബഹളത്തിനിടെ റോഡിൽ വീണ ‌ഡ്രൈവർ മുനിർഷായുടെ മുതുകിൽ ചവിട്ടി. ആക്രമണം മൊബൈലിൽ പകർത്താൻ ഷാജഹാനും മുനീറും ശ്രമിക്കുന്നതു കണ്ട തൊഴിലാളികൾ,​ ഷാജഹാന്റെ മുഖത്ത് അടിച്ച ശേഷം ഇരുവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി തല്ലിത്തകർത്തു. പ്രിയയുടെ മൊബൈൽ പിടിച്ചുവാങ്ങാൻ ശ്രമിച്ചപ്പോഴാണ് അവരുടെ കൈയ്ക്കു പരിക്കേറ്റത്. സുന്ദരപിള്ള,സുരേഷ് എന്നിവരാണ് മർദ്ദനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പരിശോധനയെ വ്യാപാരികൾ എതിർത്തില്ല.