വർക്കല : മോഷണക്കുറ്രം ആരോപിച്ച് പട്ടികജാതിക്കാരനായ യുവാവിനെ മർദ്ദിച്ച് കൊന്ന കേസിൽ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് ആക്ഷേപം. ഇടവ മാന്തറ കുഴയ്ക്കാട്ട് പുത്തൻവിളവീട്ടിൽ പരേതരായ മോഹനന്റെയും ബേബിരാജിന്റെയും മകൻ അനന്തുമോഹനാണ് (24) കൊല്ലപ്പെട്ടത്. പൊലീസിനു മുന്നിലെത്തിയ പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുക്കാതെ വിട്ടെന്നും, നാട്ടുകാർ പ്രതിയെ പിടികൂടിയ ശേഷം അറിയിച്ചിട്ടും എത്തിയില്ലെന്നും പരാതിയുണ്ട്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും വിവിധ സംഘടനകളും രംഗത്തെത്തി. അയിരൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ജനുവരി 30ന് രാത്രി 11.30നായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന അനന്തുവിനെ ഫോണിൽ വിളിച്ച് വീട്ടിൽനിന്നിറക്കി സമീപത്തെ കവലയിലെത്തിച്ചാണ് അയൽവാസി ഉൾപ്പെടെ രണ്ട് പേർ ചേർന്ന് മർദ്ദിച്ചത്. വലതുതോൾ മുതൽ താഴേക്ക് അടിയേറ്ര പാടുണ്ടായിരുന്നു. മൺവെട്ടിക്ക് തലയ്‌ക്കടിക്കുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലാണ് അനന്തു മരിച്ചത്.
രാത്രിയിൽ പ്രദേശത്തെ ബൈക്കുകളിൽ നിന്ന് പെട്രോൾ ചോർത്തുകയാണെന്ന് ആരോപിച്ചാണ് അനന്തുവിനെ മർദ്ദിച്ചതെന്നും പരാതിയുണ്ട്. കൊല്ലം അയത്തിൽ മാരുതി സർവീസ് സെന്ററിൽ പൊളിഷ് മേക്കറായിരുന്ന അനന്തുവായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഇയാൾ പുറത്തൊന്നും പോകാറില്ലെന്നും സഹോദരി അശ്വതി പറയുന്നു. സംഭവത്തിന്റെ പിറ്രേദിവസം രാത്രി സ്ഥലത്തെത്തിയ പൊലീസിന് പ്രതികളിലൊരാളെ നാട്ടുകാർ ചൂണ്ടിക്കാണിച്ചിട്ടും പിടിച്ചില്ലത്രേ. തുടർന്ന് രാത്രി കടപ്പുറത്ത് വച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ അറിയിച്ചിട്ടും എത്തിയില്ലെന്ന് ഗ്രാമപഞ്ചായത്തംഗം നവാസ്ഖാൻ പറയുന്നു. അനന്തുവിന്റെ അച്ഛനും അമ്മയും നേരത്തേ മരിച്ചിരുന്നു. അജിൻ, അശ്വതി എന്നിവർ സഹോദരങ്ങളാണ്,