വിഴിഞ്ഞം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്‌ക്കായി നൽകുന്ന ലൈഫ് ജാക്കറ്റുകളുടെ ഗുണനിലവാര പരിശോധന വിജയം. രണ്ടുതരം ലൈഫ് ജാക്കറ്റുകളുടെ പരിശോധനയാണ് നടത്തിയത്. വ്യത്യസ്‌ത ഭാരമുള്ള മത്സ്യത്തൊഴിലാളികളെയും ലൈഫ് ഗാർഡുകളെയും തിരഞ്ഞെടുത്തായിരുന്നു പരിശോധന. കഴിഞ്ഞ സെപ്‌തംബറിൽ നടത്തിയ പരിശോധന പരാജയമായിരുന്നു. സാധാരണ രീതിയിലുള്ള രണ്ടുതരം ലൈഫ് ജാക്കറ്റുകളാണ് ഇന്നലെ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധന വിജയമായിരുന്നെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ രാവിലെ വിഴിഞ്ഞത്തു നിന്നു നാല് നോട്ടിക്കൽമൈൽ ഉള്ളിൽ മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ടിൽ പോയായിരുന്നു പരിശോധന. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവയുടെ വിതരണം നടക്കുമെന്ന് അധികൃതർ പറഞ്ഞു. ജില്ലാ അടിസ്ഥാനത്തിൽ ആദ്യഘട്ടം 40,000 എണ്ണമാകും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നത്. ഒരു വള്ളത്തിൽ 5 പേർക്ക് എന്ന കണക്കിലാണ് വിതരണം. ഒരു ജാക്കറ്റിന് 1400 രൂപ ചെലവ് വരും ഇതിൽ 250 രൂപ ഒരു മത്സ്യത്തൊഴിലാളി നൽകണം. ബാക്കി തുക സബ്സിഡിയായി നൽകും. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുമ്പോൾ ജാക്കറ്റ് നിർബന്ധമാക്കും. ഇവ ധരിക്കുന്നുണ്ടോ എന്നറിയാൻ തീരസംരക്ഷണസേന, നാവിക സേന, തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്‌മെന്റ് എന്നിവർ കടലിൽ പരിശോധന നടത്തും. മത്സ്യത്തൊഴിലാളികൾക്ക് കരയുമായി ബന്ധപ്പെടുന്നതിന് സാറ്റലൈറ്റ് ഫോൺ നൽകും. ഒരുലക്ഷത്തോളം രൂപ വിലവരുന്ന സാറ്റലൈറ്റ് ഫോണുകൾ ആദ്യഘട്ടത്തിൽ 100 മത്സ്യത്തൊഴിലാളികൾക്കാണ് നൽകുന്നത്. ഇതിന്റെ 90 ശതമാനവും സബ്സിഡിയാണ്. ഓഖി ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.