തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ നേരിടാൻ ദേശീയ അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്ന ബി.ജെ.പിക്ക് എതിരെ പൊരുതുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ സി.പി.എം എതിർക്കുന്നത് അത്ഭുതകരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ബി.ജെ.പി- സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ബി.ജെ.പിയെ പിന്തുണയ്ക്കുകയും മമതയെ വിമർശിക്കുകയും ചെയ്‌ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന. ബംഗാളിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും കൈകോർത്താണ് പലേടത്തും മത്സരിച്ചത്. കേരളത്തിലും ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സി.പി.എമ്മിന്റേത് എന്നും ചെന്നിത്തല പറഞ്ഞു.
ഇത് രാഷ്ട്രീയ അവസരവാദമാണ്. ബി.ജെ.പിയെ ശക്തിപ്പെടുത്താനുള്ള കേരളത്തിലെ സി.പി.എം നീക്കത്തിന്റെ ഭാഗമായി വേണം കോടിയേരിയുടെ നിലപാടിനെ കാണാൻ. രാജ്യത്തെ പ്രതിപക്ഷകക്ഷികൾ ഒറ്റക്കെട്ടായി മമത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ സി.പി.എം മാത്രമാണ് ബി.ജെ.പി അനുകൂല നിലപാടെടുത്തത്. കൊൽക്കത്തയിൽ പ്രതിപക്ഷ പാർട്ടികളുടെ വൻറാലിയിൽ നിന്ന് വിട്ടുനിന്നതും സി.പി.എം മാത്രമാണ്.
കേന്ദ്രത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാലും വേണ്ടില്ല, കേരളത്തിൽ കോൺഗ്രസും ബംഗാളിൽ മമതയും തോറ്റാൽ മതിയെന്നാണ് സി.പി.എം നിലപാട്. മതേതര വിശ്വാസികൾ ഇതിനെ ഒറ്റെക്കെട്ടായി ചെറുക്കുമെന്നും ചെന്നിത്തല പറഞ്ഞു.