chit-fund-scam

ഒരു സമയത്ത് ഇന്ത്യ മുഴുവൻ പേരുകേട്ട ഒരു വമ്പൻ ചിട്ടി കമ്പനി ആയിരുന്നു ശാരദ ഗ്രൂപ്പ്. 200 സ്വകാര്യ കമ്പനികൾ ചേർന്ന ഒരു വലിയ കമ്പനി ആയിരുന്നു അത്. ചെറുകിട പട്ടണങ്ങളിലും ഗ്രാമങ്ങളിലും കഴിയുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ ലക്ഷങ്ങളെ ചിട്ടിയിൽ ചേർത്തു. നിക്ഷേപത്തിന്റെ പലമടങ്ങ് തിരിച്ച് നൽകുമെന്ന വാഗ്‌ദാനം നൽകിയാണ് കമ്പനി കോടികളുടെ മൂലധനം സ്വരൂപിച്ചത്. പതിനായിരം കോടി രൂപയോളം ഇവർ നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചതിന് ശേഷമാണ് 2013, ഏപ്രിൽ ആദ്യം ചിട്ടി കമ്പനി പൂട്ടിയത്.


ശാരദ ഗ്രൂപ്പിന്റെ എം.ഡിയും ചെയർമാനുമായ സുദീപ്ത സെൻ 2013 ഏപ്രിൽ 13ന് അറസ്റ്റിലായി. കമ്പനിയുമായി അവിശുദ്ധ ബന്ധം പുലർത്തി പണം കൈപ്പറ്റിയ രാഷ്ട്രീയക്കാരുടെ പേരുകൾ ചെയർമാൻ വെളിപ്പെടുത്തിയതായി പുറത്തുവന്നിരുന്നു. ഇതിൽ തൃണമൂൽ കോൺഗ്രസ് എം.പിമാരായ കുനാൻ ഘോഷ്, ശ്രീജോയ് ബോസ് ,മുൻ ഡി.ജി.പി രജത് മജുംദാർ, മുൻ കായിക മന്ത്രി മദൻമിത്ര, മുൻ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം എന്നിവരുടെ പേരുകൾ ഉൾപ്പെട്ടിരുന്നു.

ചിട്ടി തട്ടിപ്പ് വൻ വിവാദമായി മാറിയപ്പോൾ 500 കോടി ആശ്വാസ ധനമായി നൽകുമെന്നും അതിനാൽ കമ്പനി പാപ്പരാവാതെ രക്ഷിച്ച് നിക്ഷേപകർക്ക് പണം തിരികെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ തന്റെ പാർട്ടിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നത് എതിരാളികളുടെ പ്രചാരണം മാത്രമാണെന്ന് പറഞ്ഞ് അതെല്ലാം അവർ നിഷേധിച്ചു.

പശ്ചിമ ബംഗാളിൽ നിന്ന് മാത്രമല്ല, ഒഡിഷ, ആസാം, ജാർഖണ്ഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെയും പ്രമുഖ നേതാക്കൾക്ക് തട്ടിപ്പിന്റെ പങ്ക് ലഭിച്ചിരുന്നു.

തട്ടിപ്പിനെക്കുറിച്ച് ബിദാംനഗർ പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ആദ്യം അന്വേഷണം തുടങ്ങിയത്. അവർ ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അത് കഴിഞ്ഞാണ് ചെയർമാനെയും ആറ് കമ്പനി ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം കുനാൻ ഘോഷിനെ 2013 നവംബറിൽ അറസ്റ്റ് ചെയ്തു. ഘോഷ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ തട്ടിപ്പിൽ മുഖ്യമന്ത്രി മമത ഉൾപ്പെടെ പാർട്ടിയുടെ നാല് എം.പിമാർക്ക് പങ്കുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് അറസ്റ്റിലായത്.

2014 ഏപ്രിലോടെ പൊലീസ് 385 എഫ്.ഐ. ആറുകൾ രജിസ്റ്റർ ചെയ്യുകയും 288 കേസിൽ കുറ്റപത്രം നൽകുകയും ചെയ്തു. മറ്റു രാജ്യങ്ങളിലേക്കും പണം മാറ്റിയിട്ടുണ്ടെന്നത് സംബന്ധിച്ച തെളിവുകൾ പുറത്തുവന്നതോടെ അന്വേഷണം 2014 മേയിൽ സുപ്രീംകോടതി സി.ബി.ഐയെ ഏൽപ്പിച്ചു. സി.ബി.ഐ കേസ് ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ പ്രത്യേക അന്വേഷണ സംഘം കമ്പനിയുടെ 224 സ്ഥാവര സ്വത്തുക്കളും 54 വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.

റോസ് വാലി തട്ടിപ്പ്

ശാരദ ചിട്ടി തട്ടിപ്പിനേക്കാൾ വലിയ തട്ടിപ്പാണ് റോസ് വാലി. 15,000 കോടിയുടെ തട്ടിപ്പ് നടന്നതായാണ് എൻഫോഴ്സ്‌മെന്റ് വിഭാഗം കണ്ടെത്തിയത്. പശ്ചിമബംഗാൾ, ആസാം, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് നിക്ഷേപകരിൽ നിന്നായി 40000 കോടി പിരിച്ചതായാണ് അഖിലേന്ത്യാ ചെറുകിട നിക്ഷേപകരുടെ അസോസിയേഷൻ ആരോപിക്കുന്നത്. ഇതിലും വൻ തുകകൾ രാഷ്ട്രീയക്കാർക്ക് കൈമാറിയിട്ടുള്ളതായി ആരോപണമുണ്ട് . റോസ് വാലി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം കുണ്ടു 2015 മാർച്ചിൽ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലായി. അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ സർക്കാർ റോസ് വാലി ഗ്രൂപ്പിന്റെ 2,600 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇതിലൂടെ 1000 കോടി വരെ നഷ്ടപ്പെടാതെ പിടിച്ചുനിറുത്തി.

വെറും സാധാരണക്കാർക്കാണ് അവരുടെ ഒരായുസ്സിന്റെ സമ്പാദ്യം രണ്ട് തട്ടിപ്പുകളിലുമായി നഷ്ടപ്പെട്ടത്. റോസ് വാലിയുടെ കാര്യത്തിൽ നിക്ഷേപകരുടെ പണം ചെയർമാന്റെ സഹോദരൻ ഹോട്ടലുകൾ തുടങ്ങാൻ വക മാറ്റി. റോസ് വാലി ഗ്രൂപ്പിന്റെ കീഴിൽ 30 കമ്പനികളാണ് തുടങ്ങിയത്. റോസ് വാലി ബിവറേജസ്, റോസ് വാലി ഇൻഫോ ടെക്, റോസ് വാലി ഹൗസിംഗ് ഫിനാൻസ് തുടങ്ങിയവ. ഇൗ കേസിന്റെ അന്വേഷണം സി.ബി.ഐ പിന്നീട് ഏറ്റെടുത്തു. 2017 ൽ റോസ് വാലി തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ എം.പിമാരായ സുദീപ് ബന്ദോപാദ്ധ്യയയെയും തപസ് പാലിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.