തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്ലൈഫോസേ​റ്റ് എന്ന കളനാശിനിയുടെയും ഗ്ലൈഫോസേ​റ്റ് അടങ്ങിയ മ​റ്റ് ഉത്പന്നങ്ങളുടെയും വില്പനയും വിതരണവും ഉപയോഗവും നിരോധിച്ചെന്ന് ചട്ടം 300 പ്രകാരം മന്ത്റി വി.എസ്. സുനിൽകുമാർ നിയമസഭയെ അറിയിച്ചു. ഫെബ്രുവരി രണ്ടിന് നിരോധനം നിലവിൽ വന്നു. രണ്ടുമാസത്തേക്കാണ് നിരോധനം.

ഗ്ലൈഫോസേ​റ്റിന്റെ ജൈവ സുരക്ഷിതത്വം സംബന്ധിച്ച് അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്ലൈഫോസേ​റ്റിന് പഞ്ചാബിലും മ​റ്റും നിയന്ത്റണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇൻസെക്ടിസൈഡ് ആക്ട് അനുസരിച്ചാണ് ഇപ്പോഴത്തെ നിരോധനമെന്നും അദ്ദേഹം പറഞ്ഞു.

ജലാശയങ്ങൾ കൂടുതലുള്ള കേരളത്തിൽ ഇത്തരം കളനാശിനികളുടെ അനിയന്ത്റിത ഉപയോഗം ദോഷം ചെയ്യുമെന്ന്

കഴിഞ്ഞ മാസം ചേർന്ന ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് നിരോധനം. തിരുവല്ലയിൽ നെല്ലിന് മരുന്നുതളിച്ച രണ്ടു തൊഴിലാളികൾ മരിച്ച പശ്ചാത്തലത്തിലായിരുന്നു യോഗം വിളിച്ചത്.

കുറിപ്പടിയില്ലാതെ കീടനാശിനിയില്ല

കൃഷിഭവനിൽനിന്നുള്ള കുറിപ്പടിയില്ലാതെ കീടനാശിനികൾ വില്ക്കുന്നതും നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മരുന്നുകമ്പനികൾ നേരിട്ട് കർഷകർക്ക് കീടനാശിനികളും കള, കുമിൾ നാശിനികളും വിൽക്കാൻ പാടില്ല.

കമ്പനികളുടെ പ്രതിനിധികൾ ഫീൽഡ് ഓഫീസർമാർ എന്ന പേരിൽ കർഷകരുടെ യോഗം വിളിക്കുന്നതും കർഷകരുടെ വീടുകളും കടകളും സന്ദർശിച്ച് മരുന്നിനെക്കുറിച്ച് പ്രചാരണം നടത്തി വില്പന നടത്താനും പാടില്ല.

വിലക്ക് ലംഘിക്കുന്ന കമ്പനികൾക്കും കൃഷി ഓഫീസറുടെ കുറിപ്പടിയില്ലാതെ നിയന്ത്റിത കീടനാശിനികൾ വിൽക്കുന്ന കച്ചവടക്കാർക്കുമെതിരെ കർശനനടപടി സ്വീകരിക്കും.