കിളിമാനൂർ: പ്രസിദ്ധമായ മഹാദേവേശ്വരം ക്ഷേത്രവുമായി ബന്ധപ്പെട്ട ചിറ്റാറിൽ തേവരുകടവിൽ ബലി മണ്ഡപം സ്ഥാപിക്കും എന്ന അധികൃതരുടെ വാക്ക് പാഴ്‌വാക്കായി. കർക്കടക മാസത്തിൽ ബലിതർപ്പണത്തിന് മറുഭാഗത്തായി ചിറ്റാറിന്റെ കരയിലാണ് ആയിരക്കണക്കിന് പേർ എത്തിയിരുന്നത്. വർഷം കടന്നുപോകുന്തോറും ബലിതർപ്പണത്തിന് എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ചിറ്റാറ്റിൻകരയിൽ തേവരു കടവിൽ താത്കാലിക ഷെഡുകൾ കെട്ടി ഉയർത്തി ബലിതർപ്പണത്തിന് സൗകര്യം ഒരുക്കുകയായിരുന്നു. ബലിതർപ്പണത്തിന് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥയായി. ഭക്തജനങ്ങളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി 'തേവരു കടവിന് പറയാനുള്ളത് ഇല്ലായ്മയുടെ കഥകൾ മാത്രം' എന്ന തലക്കെട്ടിൽ 2015 ഫെബ്രുവരി 14 ന് കേരളകൗമുദി വാർത്ത നല്കിയിരുന്നു. ഇതേ തുടർന്ന് ഇവിടെ ബലി മണ്ഡപവും ബലിക്കടവും സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബി. സത്യൻ എം.എൽ.എ ഉറപ്പു നൽകിയിരുന്നു. ഇതനുസരിച്ച് രൂപരേഖ തയ്യാറാക്കാൻ എം.എൽ.എ മൈനർ ഇറിഗേഷൻ ചീഫ് എൻജിനിയറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എസ്റ്റിമേറ്റ് ലഭിച്ച ശേഷം ഫണ്ട് അനുവദിക്കുന്നതുൾപ്പെടെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞിരുന്നു.
അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് രാജഭരണ കാലത്താണ് കിളിമാനൂരിൽ മഹാദേവേശ്വരം ക്ഷേത്രം സ്ഥാപിതമായത്. ചിത്രമെഴുത്ത് തമ്പുരാൻ രാജാ രവിവർമ്മ ഉൾപ്പെടെ ക്ഷേത്ര സന്ദർശനം സ്ഥിരമായി നടത്തിയിരുന്നു. രാജഭരണത്തിന് ശേഷം ജീർണാവസ്ഥയിൽ എത്തിയ ക്ഷേത്രത്തെ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുനരുദ്ധരിക്കുകയായിരുന്നു.