തിരുവനന്തപുരം: ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ട് അനുസരിച്ച് സന്നിധാനത്ത് രണ്ട് യുവതികൾ മാത്രമാണ് ദർശനം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ ഇന്നലെ രേഖാമൂലം അറിയിച്ചു. ശ്രീലങ്കൻ സ്വദേശിനി ശശികല മല ചവിട്ടിയതായി എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥിരീകരിച്ചിട്ടില്ല. ശബരിമല ദർശനത്തിന് എത്തുന്ന യുവതികൾക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന നിർദ്ദേശം സുപ്രീംകോടതിയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു..

ക്ഷേത്രങ്ങളിൽ ആചാരം ലംഘിക്കപ്പെട്ടാൽ നടയടച്ച് പരിഹാരക്രിയ ചെയ്യുന്നത് തന്ത്രിയുടെ മാത്രം ചുമതലയല്ല. ആചാരലംഘനം അസി. ദേവസ്വം കമ്മിഷണറെ അറിയിക്കുകയും തന്ത്രിയുമായി ആലോചിച്ച് പരിഹാരക്രിയ നടത്തണമെന്നും വ്യവസ്ഥയുണ്ടെന്നും മന്ത്രി അറിയിച്ചു. മണ്ഡല മകരവിളക്കുകാലത്തെ വരുമാനം 180.18 കോടിയാണ്. കഴിഞ്ഞ വർഷം ഇത് 279.43 കോടിയായിരുന്നു.ഭ ക്തരെന്ന വ്യാജേന എത്തിയ ചിലർ ശബരിമലയെ സംഘർഷ ഭൂമിയാക്കി. ഹർത്താലുകളും വ്യാപക അക്രമങ്ങളും മൂലം ശബരിമലയിൽ ഈവർഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വന്നു. യഥാർത്ഥ ഭക്തർക്ക് ദർശനം നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.